KERALALATEST

കേരളം ഭരിക്കുന്നത് പിണറായിയും കോടിയേരിയും ചേര്‍ന്നുള്ള കൊള്ളസംഘം: രമേശ് ചെന്നിത്തല

കോഴിക്കോട്: ഇന്നലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തതെങ്കില്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ മയക്ക് മരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നുള്ള കൊളള സംഘമാണ് കേരളം ഭരിക്കുന്നത്. ഇങ്ങനെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സി പിഎമ്മിന് എങ്ങിനെ കഴിയുന്നു? മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ കള്ളന്‍മാരെയും കൊള്ളക്കാരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവന്നേ മതിയാകൂ. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരും ഇനിയും ചോദ്യം ചെയ്യപ്പെടാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം കേരളീയര്‍ക്ക് അപമാനകരമായ സംഭവങ്ങളാണ്.ജനങ്ങള്‍ അധികാരത്തിലേറ്റിയ ഒരു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് അധോലോക പ്രവര്‍ത്തനവും സ്വര്‍ണ്ണക്കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും നടന്ന് കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇനി ഒന്നും ജനങ്ങളോട് വിശദീകരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം മനസിലാക്കിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഞാന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സത്യമാണെന്ന് തെളിഞ്ഞ് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് അധോലോക പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്തത്. ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും പ്രതിപക്ഷത്തെ പരിഹസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. ഇത് രണ്ടും ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. ഇത്തരം വിധ്വംസക കേസുകളല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ രാഷ്ട്രീയ പകപോക്കല്‍ ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയാണ് കേന്ദ്ര ഏജന്‍സികളെക്കൊണ്ട് വന്നത്. ഇത്രയും ദിവസം ഇഡി ചോദ്യം ചെയ്തിട്ട് എന്ത് കിട്ടിയെന്നാണ് ഇവര്‍ ചോദിച്ച് കൊണ്ടിരുന്നത്. ഇനിയും അറസ്റ്റുകള്‍ വരാന്‍ പോകുന്നേയുള്ളു. അത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഇനി ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി രാജി വച്ചൊഴിയണം. കോടിയേരി ബാലകൃഷ്ണന്‍ ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. അത് കൊണ്ട് സി.പി.എം പാര്‍ട്ടി സെക്രട്ടറി രാജിവക്കണമെന്ന് ഞാന്‍ പറയില്ലെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്ക് നേരെ നിരന്തരമായി ആരോപണം വരികയാണ്. ഇവരുടെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തണല്‍ ഉണ്ട്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമായത് കൊണ്ടാണ് ഇത്തരം കാര്യങ്ങളൊക്കെ ഇവിടെ നടക്കുന്നത്. പ്രളയ കാലത്ത് വീടുകള്‍ നിര്‍മിച്ചു കൊടുക്കാനുള്ള പദ്ധതിയിലും ഇത്തരം അധോലോക സംഘങ്ങളുടെ കൈകള്‍ ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്ക് മരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസനകത്ത് കൊള്ളയടിയും അധോലോക പ്രവര്‍ത്തനങ്ങളും നടക്കുന്നു. ആരെ സംരക്ഷിക്കാനാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്.
ഭരണത്തിന്റെ തണലില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഈ അഴിമതികളും അധോലോക പ്രവര്‍ത്തനങ്ങളും നടത്തിയത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്ന ഒരു കൊളള സംഘമാണ് കേരളംഭരിക്കുന്നത്. അതിന് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് പിണറായിയും കോടിയേരിയും വിചാരിക്കണ്ട.സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുകയാണ്. പാര്‍ട്ടിയും കസ്റ്റഡിയിലായിരിക്കുകയാണ്. ഇതിനുള്ള മറുപടി ജനങ്ങള്‍ നല്‍കും. അതില്‍ ഒരു സംശയവും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker