തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടില്‍ എം. ശിവശങ്കറെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമത്രി പിണറായി വിജയന് വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം. രണ്ട് കാരണങ്ങളാലാണ് മുഖ്യമന്ത്രി വകുപ്പ് പൊഴിയാന്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ആരോപണ വിധേയമായ ലൈഫ് മിഷന്റെ ചെയര്മാന് മുഖ്യമന്ത്രിയാണ്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞിരുന്നു. ധാര്‍മ്മികതയുണ്ടങ്കില്‍ പിണറായി വിജയനും ഇത് പാലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പേര് പോലും പരാമര്‍ശിക്കുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ബിജെപിയുടെ ഏറ്റവും കൂടുതല്‍ സഹായം തേടിയ വ്യക്തിയാണ് പിണറായി. ലാവ്ലിന് കേസില്‍ അടക്കം കേന്ദ്ര സര്‍ക്കാരിന്റെ സഹായം പിണറായി വിജയന് കിട്ടി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. തന്നിലേക്ക് അന്വേഷണം തിരിയുന്നത് മുന്നില്‍കണ്ടാണ് പിണറായി ഇപ്പോള്‍ അന്വേഷണ സംഘത്തിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.