BREAKING NEWSKERALA

ചെന്നിത്തലയുടെ വാദം പൊളിയുന്നു, ബിജു രമേശിന്റെ മൊഴിയില്‍ ചെന്നിത്തലയുടെ പേരില്ല, പിന്നെങ്ങനെ അന്വേഷണം

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ തനിക്കെതിരെ മുന്‍പ് അന്വേഷണം നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അവകാശവാദം പൊളിയുന്നു. ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവെന്നാണ് ചെന്നിത്തലയുടെ അവകാശവാദം. എന്നാല്‍ രഹസ്യമൊഴിയില്‍ ചെന്നിത്തലയുടെ പേരില്ലായിരുന്നുവെന്നാണ് വിവരം.
തിരുവനന്തപുരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ കെ.എം.മാണി, വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവരുടെ പേര് ബിജു രമേശ് പറയുന്നുണ്ട്. ഇവര്‍ക്ക് പണം നല്‍കിയെന്നാണ് ബിജുരമേശിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം. രഹസ്യമൊഴിയില്‍ പേരില്ലാത്ത ചെന്നിത്തലക്കെതിരെ അന്ന് അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ചെന്നിത്തലയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന് ബിജു രമേശ് പറയുകയും ചെയ്തിരുന്നു. ചെന്നിത്തലയും ഭാര്യയും തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിച്ചുവെന്നാണ് ബിജുരമേശ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, ചെന്നിത്തലയുടെ ഭാര്യയുടെ പേര്് ഇതിലേക്ക് വലിച്ചിഴച്ചതില്‍ ബിജു രമേശ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ബിജുരമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടു ദിവസം മുമ്പ് ചെന്നിത്തലക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി നല്‍കിയിരുന്നു. കാബിനറ്റ് റാങ്കുള്ളതിനാല്‍ ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറെ സമീപിച്ചിരിക്കുകയാണ് നിലവില്‍ വിജിലന്‍സ്.
എന്നാല്‍ തനിക്കെതിരെ നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചതാണെന്നും പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നും ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

Related Articles

Back to top button