KERALANEWS

കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനെ മുഖ്യമന്ത്രി വെള്ളപൂശുന്നുവെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: എല്ലാ കണ്‍സള്‍ട്ടന്‍സി കൊള്ളകളെയും ന്യായീകരിച്ച പോലെ വിചിത്രവും ബാലിശവുമായ വാദങ്ങളുന്നയിച്ചാണ് ശബരിമല വിമാനത്താവളത്തിന്റെ പേരിലെ കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനെയും മുഖ്യമന്ത്രി വെള്ളപൂശുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാവുന്നതിന് മുമ്പ് എന്തിന് കണ്‍സള്‍ട്ടന്‍സിയെ വച്ച് കോടികള്‍ തുലച്ചുവെന്ന കാതലായ ചോദ്യമാണ് താനുന്നയിച്ചത്. ഭൂമി കൈയില്‍കിട്ടുന്നതുവരെ കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാവുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന മറുപടി. വിമാനത്താവളം പണിയണമെങ്കില്‍ ഭൂമി കൈയില്‍ കിട്ടുക തന്നെ വേണം. പക്ഷേ, അതിന് വേണ്ടി കാത്തിരുന്നാല്‍ കണ്‍സള്‍ട്ടന്‍സിയെ വച്ച് പണം തട്ടാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

വിമാനത്താവളമല്ല, കമ്മീഷന്റെ കാര്യമാണ് ഗണപതി കല്യാണം പോലെ ആവുക. അത് നഷ്ടപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ആദ്യംതന്നെ 4.6 കോടി രൂപയ്ക്ക് കണ്‍സള്‍ട്ടന്‍സിയെ വച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഭൂമി കൈയില്‍ കിട്ടുന്നതിന് മുമ്പ് കണ്‍സള്‍ട്ടന്‍സിയെ വച്ചത് പദ്ധതിയുടെ വേഗത വര്‍ധിപ്പിക്കുന്നതിനാണെന്ന് ന്യായീകരിക്കുന്ന മുഖ്യമന്ത്രി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ കണ്‍സട്ടള്‍ട്ടന്റായ ലൂയീ ബര്‍ഗര്‍ എന്തുജോലിയാണ് വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്ന വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Related Articles

Back to top button