കോഴിക്കോട്: സംസ്ഥാന നിയമസഭയില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടന്നത് അടിമുടി ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയുടെ പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി വന്‍ ധൂര്‍ത്ത് അരങ്ങേറി. നിയമസഭയിലെ ചെലവുകള്‍ പരിശോധിക്കപ്പെടില്ലെന്ന പഴുത് ദുരുപയോഗം ചെയ്തു. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കും. സ്പീക്കറുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെടും.
ഇത്രയും ധൂര്‍ത്തും അഴിമതിയും നടത്തിയ സ്പീക്കര്‍ വേറെയില്ല. അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നാളെ പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല. നിയമസഭാ ഹാള്‍ നവീകരണം, നിയമസഭാ ടിവിയുടെ കണ്സല്ടന്സി നിയമനം, ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ആഘോഷം എന്നിങ്ങനെ അഞ്ച് കാര്യങ്ങളുമായി ബന്ധപ്പെട്ട് വന്‍അഴിമതിയാണ് സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയത്.
ഇതൊന്നും ഒരു സഭാകമ്മിറ്റിയിലും വച്ചിട്ടില്ല. കക്ഷി നേതാക്കളോട് ആലോചിക്കേണ്ടത് സ്പീക്കറാണ്. സംസ്ഥാനത്ത് ഒരു കരാര്‍ നടപടികളുമില്ലാതെ ഊരാളുങ്കലിനെ മാത്രം നിര്‍മാണ ജോലികള്‍ ഏല്‍പ്പിക്കുന്നത് ദുരൂഹമാണ്. നിയമസഭയില്‍ ആലോചിക്കാതെയാണ് എല്ലാം. പരാതി നല്കിയപ്പോള് മാത്രമാണ് സഭാ ടിവിയെക്കുറിച്ച് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ പോലും തയാറായത്.
സ്പീക്കറെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല. പദവി ദുരുപയോഗം ചെയ്ത് ധൂര്‍ത്തു നടത്തരുതെന്ന് പ്രതിപക്ഷം നേരിട്ടു കണ്ടു പറഞ്ഞതാണ്. എന്നിട്ടും പ്രവര്‍ത്തനരീതി മാറ്റാന്‍ സ്പീക്കര്‍ തയാറായില്ല.
സ്പീക്കറുടെ നടപടികള്‍ സഭയ്ക്കുംസഭയുടെ അന്തസിനും നിരക്കുന്നതല്ല. ഇപ്പോഴും സ്പീക്കര്‍ പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി അംഗമാണ്. നിഷ്പക്ഷമായിരിക്കാന്‍ സ്പീക്കര്‍ക്ക് കഴിയുമോ? സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണ്. അനുമതിയില്ലാതെ യാത്ര നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം അനിവാര്യമാണ്.
സ്വര്‍ണക്കടത്ത് ആരോപണത്തില്‍ സ്പീക്കറുടെ പ്രതികരണം ദുര്‍ബലമാണ്. സ്പീക്കര്‍ നേരിട്ട് വിശദീകരിക്കാന്‍ തയാറായില്ല. സ്പീക്കറുടെ ഒഫെിസ് പുറത്തുവിട്ട വിശദീകരണം തൃപ്തികരമല്ല. ജനങ്ങളെ നേരിട്ടുകാണാന്‍ സ്പീക്കര്‍ക്കു ധൈര്യമില്ലാത്തതിന്റെ കാരണം എന്താണ്? ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന് തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിക്ക് ടെന്‍ഡറൊന്നും ഇല്ലാതെ കരാര്‍ നല്‍കുകയായിരുന്നു. ആകെ രണ്ടേ രണ്ട് ദിവസം മാത്രമാണ് ഈ ഹാളില്‍ സമ്മേളനം ചേര്‍ന്നത്.
2020ല്‍ രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. ശങ്കരനാരായണന് തമ്പി ഹാളില്‍ വിദേശത്ത് നിന്ന് കൊണ്ടുവന്ന് തൂക്കിയിരുന്ന കമനീയമായ ശരറാന്തല്‍ വിളക്കുകളും മറ്റ് അലങ്കാരങ്ങളും ചുമന്നു മാറ്റിയായിരുന്നു നവീകരണം. ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാര്‍ നല്‍കിയത്. മത്സരക്കരാര്‍ ക്ഷണിച്ചിരുന്നില്ല.
ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളില്‍ സമ്മേളനം നടന്നത്. അത് കഴിഞ്ഞ് ഹാള്‍ ഇപ്പോള്‍ അച്ചിട്ടിരിക്കുന്നു. എന്തിന് വേണ്ടിയായിരുന്നു ഈ ധൂര്‍ത്ത്? എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂ എന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്കി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നല്‍കിയാണ് ഈ തുക ഊരാളുങ്കലിന് നല്‍കിയത്.
നിയമസഭാ സമുച്ചയത്തില്‍ ആവശ്യത്തിലേറെ മുറികളും അതിഥി മന്ദിരങ്ങളുമുണ്ടെങ്കിലും പുതിയ ഒരു അതിഥി മന്ദിരം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി താത്പര്യ പത്രം ക്ഷണിച്ചിരുന്നു. പ്രീഫാബ്രിക്കേറ്റഡ് ഗസ്റ്റ് ഹൗസാണ് നിര്‍മിക്കുന്നത്. തുക എത്രയെന്ന് വ്യക്തമല്ല. നിയമസഭയിലെ ചിലവുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഇത്രയേറെ ധൂര്‍ത്തും അഴിമതിയും നടത്തുന്നത്.
നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിര്‍മാണ ചിലവ് 76 കോടി രൂപയോളമാണ്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സ്പീക്കര്‍ 100 കോടിയുടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.