KERALALATEST

പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് ഐസക് മറുപടി നല്‍കിയില്ല, ധനമന്ത്രി രാജിവെച്ച് ഒഴിയണം: ചെന്നിത്തല

തിരുവനന്തപുരം: ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയം തള്ളിയതിനെത്തുടര്‍ന്ന് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എ.ജിയുടെ കണ്ടെത്തല്‍ സംസ്ഥാനത്ത് ഗുരുതമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി. അതുകൊണ്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യങ്ങള്‍ക്കും നീതിപൂര്‍വ്വമായ മറുപടി മന്ത്രി പറഞ്ഞില്ല. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. മന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. അതുകൊണ്ടാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുകയും ചെയ്തിരിക്കുകയാണെന്ന് സിഎജി വളരെ വ്യക്തമായി കണ്ടെത്തി. ഒരു ഗവണ്‍മെന്റിനും ഭരണഘടനയ്ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കിഫ്ബിയിലൂടെ വിദേശത്തുനിന്ന് കടമെടുത്തതും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയതും ഐസക് ചെയ്ത ഗുരുതരമായ തെറ്റാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
ഈ രണ്ട് തെറ്റുകളും ഐസക് ബോധപൂര്‍വ്വം ചെയ്തതാണ്. മസാല ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അറിയാത്ത ആളല്ല ധനമന്ത്രി. നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്ത സംഭവം എത്തിക്‌സ് കമ്മിറ്റിയല്ല മറ്റേത് കമ്മിറ്റി ന്യായീകരിക്കാന്‍ ശ്രമിച്ചാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തില്‍ ധനമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടെന്നും സിഎജി റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്നും പ്രമേയം അവതരിപ്പിച്ച വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചിരുന്നു. എന്നാല്‍ മറുപടി നല്‍കിയ ധനമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker