തിരുവനന്തപുരം: പമ്പ മണല്‍കടത്തലില്‍ അഴിമതിയുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വിജിലന്‍സിന്റെ പല്ല് പൊഴിച്ചു. മണല്‍ക്കടത്ത് വിജിലന്‍സ് അന്വേഷിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഒരു പരാതിയിലും വിജിലന്‍സ് അന്വേഷണം നടക്കുന്നില്ല.
വിജിലന്‍സിനെ വന്ധ്യംകരിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. പമ്പ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയ സര്‍ക്കാര്‍, മണല്‍നീക്കം ദുരന്തനിവാരണ നിയമപ്രകാരമുളള നടപടിയെന്നാണ് വിശദീകരിക്കുന്നത്.
പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിന് അനുമതി നല്‍കിയിരുന്നു. അനുമതിയുടെ മറവില്‍ ക്ലേസ് ആന്‍ഡ് സെറാമിക്സ് സ്വകാര്യ കമ്പനികള്‍ക്ക് മണല്‍ മറച്ച് വില്‍ക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നല്‍കിയുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആക്ഷേപം. ആരോപണം ഉയര്‍ന്നതോടെ മണല്‍ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ കത്താണ് സര്‍ക്കാര്‍ തളളിയത്.
ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണല്‍ നീക്കം ചെയ്യണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഭാവിയില്‍ പ്രളയസാധ്യത ഒഴിവാക്കുന്നതിനാണ് മണല്‍ മാറ്റണമെന്നും അതിനാലാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്മാന് എന്ന നിലയില്‍ കളക്ടര്‍ അനുമതി നല്‍കിയതെന്നും സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് ഹെലികോപ്റ്ററില്‍ പമ്പയിലെത്തി മണല്‍നീക്കം പരിശോധിച്ചത് വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് മണല്‍ ക്ലേയ്സ് ആന്റ് സെറാമിക്സിന് നല്‍കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം സര്‍ക്കാര്‍ തളളിയതോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.