BREAKINGKERALA

ജീവനക്കാര്‍ക്ക് ജീവാനന്ദം പദ്ധതിയില്‍ സംശയമെന്ന് ചെന്നിത്തല; ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കരുത്: ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയ സര്‍ക്കാര്‍ ഇതുപോലെ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം. ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാര്‍ക്ക് ജീവാനന്ദം പദ്ധതിയില്‍ സംശയമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരോടുള്ള ക്രൂരത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കരുതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കിക്കാന്‍ കൂട്ടുനില്‍ക്കരുത്. ആനുകൂല്യം മുടക്കുന്നവര്‍ക്ക് ഒപ്പം നിന്ന് കയ്യടിക്കരുതെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ ഉള്ള സര്‍ക്കാരിന്റെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജീവാനന്ദം എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം നിലവിലുള്ള ശമ്പളവും പെന്‍ഷനും കവര്‍ന്നെടുക്കാനുള്ള ഗൂഢശ്രമമാണ്. ഈ പദ്ധതിക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാര്‍ക്ക് പുതിയൊരു പദ്ധതിയുടെ ആവശ്യമെന്തെന്ന് പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
ജീവനക്കാരുടെ ആനുകൂല്യങ്ങളായി നല്‍കാനുള്ള 42000 കോടി രൂപ സര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. 2019ലെ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശിക തുക പോലും ഇതുവരെ നല്‍കിയിട്ടില്ല. നാല് ഗഡുക്കളായി നല്‍കും എന്ന് പ്രഖ്യാപിച്ചതല്ലാതെ നാളിതുവരെ നല്‍കിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും അധികം ക്ഷാമബത്ത കുടിശ്ശികയുള്ള സംസ്ഥാനം കേരളമാണ്. ആറ് ഗഡുക്കളായി 19 ശതമാനമാണ് ഈ ഇനത്തില്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ ഉള്ളത്. അഞ്ചുവര്‍ഷമായി ലീവ് സറണ്ടര്‍ നല്‍കുന്നില്ല. ഈ തുക പിഎഫില്‍ ലയിപ്പിക്കും എന്ന് പറഞ്ഞതല്ലാതെ അത് അക്കൗണ്ടില്‍ വരവ് വെച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button