BREAKING NEWSKERALALATESTNEWS

സ്വര്‍ണ്ണക്കടത്ത് കേസ്; ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല;പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയും ഐടി ഫെലോയുമാണെന്ന് പ്രതികള്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. തന്റെ ഓഫീസില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ല. കഴിവുകെട്ട വ്യക്തിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറി. ഈ സര്‍ക്കാരിന് ഒരുകാലത്തും പ്രതിച്ഛായ ഉണ്ടായിരുന്നില്ലെന്നും ഇല്ലാത്ത പ്രതിച്ഛായ എങ്ങനെ നശിപ്പിക്കാനാകുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഐടി സെക്രട്ടറിയും ഐടി ഫെലോയും ചേര്‍ന്ന് കള്ളക്കടത്തിന് ഒത്താശചെയ്‌തെന്ന വിവരമാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സന്ദര്‍ഭമാണ് വന്നിരിക്കുന്നത്. നാല് വര്‍ഷമായി ഐടി സെക്രട്ടറിയായിരുന്ന വ്യക്തിയെക്കുറിച്ചും രണ്ടു വര്‍ഷമായി ഐടി ഫെലോ ആയിരുന്ന വ്യക്തിയെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്നു പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ സര്‍ക്കാരിന് ഒരിക്കലും പ്രതിച്ഛായയുണ്ടായിരുന്നില്ല. പിആര്‍ വര്‍ക്കിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ എഴുതിയാലൊന്നും പ്രതിച്ഛായ ഉണ്ടാവില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രതിച്ഛായയുണ്ടാകേണ്ടത്. അങ്ങനെയൊന്നും കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. പിന്നെങ്ങനെ ഇല്ലാത്ത പ്രതിച്ഛായ നഷ്ടപ്പെടുമെന്നും അദ്ദേഹം ചോദിച്ചു.

Tags

Related Articles

Back to top button
Close