ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ നടനും അവതാരകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിര്‍മാതാവുമായ ഇടവേള ബാബുവും പങ്കെടുത്തു. ഐശ്വര്യ കേരളയാത്രയ്ക്ക് ഹരിപ്പാട്ട് നല്കിയ സ്വീകരണ വേദിയിലാണ് ഇരു താരങ്ങളും അണിനിരന്നത്. രമേഷ് പിഷാരടി ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നതു സംബന്ധിച്ച് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇടവേള ബാബു അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസ് വേദിയിലെത്തിയത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് രമേഷ് പിഷാരടിയെയും ഇടവേള ബാബുവിനെയും സ്വീകരിച്ചു. രമേഷ് പിഷാരടി നേരത്തെ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.
‘കേരളത്തില്‍ ഉറപ്പായും വരും. നമ്മുടെ നിലനില്‍പ്പിനായി, ജനാധിപത്യം പുലരുന്നതിന് ചിരിക്കുന്ന മുഖവുമായി ആര്‍ക്കും സമീപിക്കാന്‍ കഴിയുന്ന നേതാക്കള്‍ ഉള്ള പാര്‍ട്ടിയുടെ കൂടെ ഞാന്‍ ഉണ്ടാകും, നിങ്ങളും ഉണ്ടാകണം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്… എന്നാണല്ലോ. അപ്പോള്‍ ഇനി റൈറ്റ് തന്നെയാണ്.അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്’ രമേഷ് പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ. നിറഞ്ഞ കയ്യടിയോടെയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഓരോ വാക്കും സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ശബ്ദവും പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം പിഷാരടി വേദിയില്‍ അവതരിപ്പിച്ചു.മലയാള സിനിമാലോകത്തെ പലരും കോണ്‍ഗ്രസ് അനുഭാവികളാണെന്നും പലരും പറയുന്നില്ല എന്നുമാത്രമേ ഉള്ളൂവെന്നും ഇടവേള ബാബു പറഞ്ഞു. അവരും ഉടന്‍ തന്നെ പറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോള്‍ സംവിധായകന് മേജര്‍ രവിയും കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു. ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജര്‍ രവി എത്തിയത്.
നടന് ധര്മജന് ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയാറെണെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു.