LATESTFeaturedNATIONAL

പസ്വാന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ദളിത് നേതാവിനെ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാന്‍. ബിഹാറില്‍ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ് അദ്ദേഹം. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രിയായിരുന്നു.
ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാര്‍ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. ഏറെക്കാലം തടവിലായ പസ്വാന്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയം സ്വന്തമാക്കിയിരുന്നു.
രാഷ്ട്രീയത്തില്‍ റാംവിലാസ് പാസ്വാന്റെ പേരില്‍ ഒന്നിലധികം റെക്കോര്‍ഡുകളുണ്ട്. ബിഹാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ, ആറു പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രി. 1969ല്‍ ബിഹാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള രാജ്യത്തെ അപൂര്‍വം ചില നേതാക്കളിലൊരാളായിരുന്നു പസ്വാന്‍.
വി.പി.സിങ് മന്ത്രിസഭയില്‍ തൊഴില്‍ക്ഷേമ മന്ത്രിയായിരിക്കെ പാസ്വാന്റെ നിര്‍ണായക ഇടപെടലുകളാണു മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വഴിയൊരുക്കിയതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോഴും ഓര്‍ക്കുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ വാര്‍ത്താവിനിമയ പരിഷ്‌കരണ നടപടികള്‍ക്കു ചുക്കാന്‍ പിടിച്ചതും പസ്വാനായിരുന്നു. റെയില്‍വേ മന്ത്രിയായിരിക്കെ, ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും വലിയ ശ്രമങ്ങള്‍ നടത്തി.
കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ്, മൂന്നാം മുന്നണി എന്നിവയുമായി കാലാകാലങ്ങളില്‍ സഖ്യങ്ങളുണ്ടാക്കി പസ്വാന്റെ കക്ഷി അതിജീവിച്ചു. എന്നാല്‍, കഴിഞ്ഞ രണ്ടു ദശകത്തിലെ രാഷ്ട്രീയത്തില്‍ ബിഹാറില്‍ മേധാവിത്ത ശക്തിയാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പസ്വാന്റെ സാമുദായിക അടിത്തറയുടെ പരിമിതിയാണ് ഒരു പ്രധാന കാരണം. മറ്റൊന്ന് വിശാല സാമൂഹികാടിത്തറയുള്ള ഏതെങ്കിലും കക്ഷിയില്‍ തന്റെ ഭാഗ്യം പരീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ വിമുഖതയും.
രാജ്യത്തെ പ്രധാന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും അതിന്റെ തുടര്‍ച്ചയായ ജനതാപാര്‍ട്ടി, ജനതാദള്‍ എന്നിവയുടെയും ഭാഗമായിരുന്ന പസ്വാന്‍, ലാലു പ്രസാദിനോടും കുടുംബത്തോടും കലഹിച്ചാണ് 2000ല്‍ ആ ബന്ധം അവസാനിപ്പിച്ചത്. മൂന്നാം മുന്നണി സ്വപ്നം അവസാനിച്ചതോടെ ചില അഭ്യുദയകാംക്ഷികള്‍ അദ്ദേഹത്തോടു ബിജെപിയിലോ കോണ്‍ഗ്രസിലോ ചേരാന്‍ ഉപദേശിക്കുകയുണ്ടായി.
എന്നാല്‍, യുപിയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേടിയ വിജയം പസ്വാനെ സാഹസികനാക്കി, അദ്ദേഹം ലോക് ജനശക്തി പാര്‍ട്ടി ഉണ്ടാക്കി. സഖ്യകക്ഷികളുമായി ചേര്‍ന്ന് എല്‍ജെപിക്ക് ഏതാനും സീറ്റുകള്‍ നേടാനായി. 2004ല്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗമായി. 2014ലും 2019ലും മോദിസര്‍ക്കാരിലും ചേര്‍ന്നു.
ഇതേസമയം ബിഹാര്‍ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ മാറിമറിഞ്ഞതോടെ നിതീഷ് കുാറിനു വ്യക്തമായ മേധാവിത്തം ലഭിക്കുകയും പാസ്വാന്റെ ശക്തി ക്ഷയിക്കുകയും ചെയ്തു. ശാരീരിക അവശതകളെ തുടര്‍ന്ന് ബിഹാര്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റാംവിലാസ് പസ്വാനു പകരം മകന്‍ ചിരാഗ് ആണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

Related Articles

Back to top button