ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച അഡ്വൈസറിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം കൂടുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കത്തെഴുതിയത്. നിലവിലുള്ള നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാനാണ് നിര്‍ദേശം. ക്രമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലൊക്കെ തന്നെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നത് സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം.
കുറ്റകൃത്യം നടന്നയുടന്‍ തന്നെ എഫ് ഐആറിടണം, രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കണം എന്ന് അഡ്വൈസറി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പോലീസ് സ്റ്റേഷന് പരിധിക്കു പുറത്താണ് കുറ്റകൃത്യം നടന്നതെങ്കിലും പരാതി കിട്ടിയ ഉടന്‍ എഫ്ഐആറോ സീറോ എഫ്ഐആറോ രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമമുണ്ട്. മരണമൊഴി എടുക്കുന്നതില്‍ യാതൊരു തരത്തിലുള്ള വീഴ്ചയുമുണ്ടാവരുതെന്നും കേസില്‍ കൃത്യമായ ഫോളോ അപ് ഉണ്ടാവണമെന്നും അഡൈ്വസറിയില്‍ പ്രത്യേകം പറയുന്നുണ്ട്.