റായ്ബറേലി: ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. 2014ല്‍ നടന്ന സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. പ്രതിയായ ജിതേന്ദ്ര സിങിന് കോടതി വധശിക്ഷ വിധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രത്യേക പോക്സോ കോടതി ജഡ്ജിയായ വിജയ് പാലിന്റേതാണ് വിധിയെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് വേദ്പാല്‍ സിങിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
2014 മെയ് മൂന്നിനായിരുന്നു സലോന്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബന്ധു മകളെ ബലാത്സംഗം ചെയ്തെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് പ്രതിയായ ജിതേനദ്ര സിങ് തെളിവു നശിപ്പിക്കാനായി കുട്ടിയുടെ മൃതദേഹം ഗ്രാമത്തിനു പുറത്തുള്ള ഒരു കുഴല്‍ക്കിണറിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്.
കേസില്‍ പ്രതിയില്‍ നിന്ന് 2.20 ലക്ഷം രൂപ പിഴയായി ഈടാക്കാനും ഇത് കുട്ടിയുടെ അച്ഛന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.