ഗുരുഗ്രാം: ക്ഷയ രോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇരുപത്തൊന്നുകാരി പീഡനത്തിനിരയായതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമില്‍ സെക്ടര്‍ 44ലെ ആശുപത്രിയിലാണ് സംഭവമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ യുവതി പിതാവിന് കുറിപ്പ് എഴുതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
യുവതി അച്ഛനോട് കാര്യം പറഞ്ഞതിന് പിന്നാലെ തന്നെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒക്ടോബര്‍ 21നും 27നും ഇടയിലാണ് മകള്‍ പീഡനത്തിനിരയായതെന്നാണ് കരുതുന്നതെന്നാണ് കുടുംബം പറയുന്നത്. ഇരുപത്തൊന്നുകാരി ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശ്വാസ തടസത്തെ തുടര്‍ന്ന് ഒക്ടോബര്‍ 21നായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് ഐസിയുവില്‍ പ്രത്യേക റൂമിലേക്ക് നിരീക്ഷണത്തിനായി മാറ്റിയ ഇവര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച, തന്നെ കാണാന്‍ പിതാവെത്തിയപ്പോഴാണ് ഇവര്‍ കുറിപ്പ് കൈമാറുന്നത്. ‘വികാസ്’ എന്നവാക്കും ഇവര്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി യുവതിയുടെ അച്ഛന് പരാതി നല്കി. വാര്‍ഡില്‍ ജോലി ചെയ്തിരുന്നവരെ ചോദ്യം ചെയ്തതില്‍ നിന്നും, യുവതി പറഞ്ഞ പേരിന്റെ അടിസ്ഥാനത്തിലും പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നിലവില്‍ മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യാവസ്ഥയിലല്ല യുവതിയെന്ന് പോലീസ് പറയുന്നു. ഡോക്ടര്‍മാരുടെ ഒരു സംഘം യുവതി പരിശോധിച്ചതായും, ചികിത്സയില്‍ തുടരുന്ന ഇവര്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായും കമ്മീഷണര്‍ കെകെ റാവു വ്യക്തമാക്കി. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.