ഹൈദരാബാദ്: റിയല്‍ എസ്റ്റേറ്റ് ഏജന്റും സുഹൃത്തും ചേര്‍ന്ന് സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. പ്രോപ്പര്‍ട്ടി വാങ്ങാനായി എത്തിയ സ്ത്രീയെയാണ് ഇവര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു പീഡനം എന്നാണ് സംശയം. അവശ നിലയിലായ സ്ത്രീയെ പിന്നീട് വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.
ഹൈദരാബാദിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവം നടന്നത്. ജനാര്‍ദന, സംഗ റെഡ്ഡി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപൂരില്‍ വെച്ചാണ് ഇരുവരം സ്ത്രീയെ കണ്ടുമുട്ടിയത്. ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി സ്ഥലം കാണാന്‍ പോകാനായിരുന്നു യാത്ര. ഇരുവരും സ്ത്രീയെ കാറില്‍ കയറ്റി യദഗിരിഗുട്ട എന്ന സ്ഥലത്തേക്ക് പോയി. രാത്രി അവിടെ നിന്ന് തിരികെ വരുമ്പോള്‍ വഴിയരികില്‍ നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് സമീപം വാഹനം നിര്‍ത്തി.
കാര്‍ ബ്രേക്ക് ഡൗണായെന്ന് പറഞ്ഞു. ശേഷം രണ്ട് പേരും ചേര്‍ന്ന് ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്ത്രീ വിസമ്മതിച്ചു. പിന്നീട് ശീതള പാനീയം കുടിക്കാന്‍ നല്‍കി. ഇത് കുടിച്ച ശേഷം തനിക്ക് ബോധം നഷ്ടമായെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി കാറിനുള്ളില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അര്‍ദ്ധരാത്രി വരെ പീഡിപ്പിച്ച ശേഷം മിയാപൂരിലെ ഒരു ഹോസ്റ്റലിന് സമീപം ഇവരെ ഇറക്കിവിട്ടു. കടുത്ത ശരീരിക അവശതയെ തുടര്‍ന്ന് ഇവര്‍ പിന്നീട് ചികിത്സ തേടുകയായിരുന്നു. സംഭവം പൊലീസ് അന്വേഷിച്ചികൊണ്ടിരിക്കുകയാണ്. പിടിയിലായവര്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
103 1 minute read