BREAKING NEWSKERALALATEST

കോവിഡി രോഗിക്കു പോലും രക്ഷയില്ല; മലബാര്‍ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരന്റെ പീഡനശ്രമം

കോഴിക്കോട്: കോവിഡ് രോഗിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അത്തോളി ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിനാണ് കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് കോവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ഹൃദ്രോഗിയായതിനാല്‍ മാതാവിനൊപ്പം ഒരു മുറിയില്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് യുവതി ആശുപത്രി അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതി മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാരനായ അശ്വിന്‍ യുവതിയെ ശല്യംചെയ്യാന്‍ തുടങ്ങിയത്.
ആശുപത്രിയിലെ രജിസ്റ്ററില്‍നിന്ന് യുവതിയുടെ നമ്പര്‍ ശേഖരിച്ച അശ്വിന്‍ ആദ്യം വാട്‌സാപ്പിലേക്ക് നിരന്തരം അശ്ലീലച്ചുവയിലുള്ള സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. മോശമായ രീതിയില്‍ സന്ദേശമയക്കുന്നത് തുടര്‍ന്നതോടെ യുവതി ഡോക്ടര്‍മാരെ പരാതി അറിയിച്ച് മുറിയില്‍ തിരിച്ചെത്തി. ഇതിനുപിന്നാലെയാണ് പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ജീവനക്കാരന്‍ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.
ആശുപത്രിയിലെ നാലാം നിലയിലേക്കാണ് യുവതിയെ ലിഫ്റ്റില്‍ കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് അശ്വിന്‍ തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇതോടെ ഭയന്നുപോയ യുവതി കോണിപ്പടി വഴി താഴെയിറങ്ങാന്‍ ശ്രമിച്ചെങ്കിലും അവിടെ ഫര്‍ണീച്ചറുകള്‍ നിരത്തി വഴി അടച്ചിരുന്നു. തുടര്‍ന്ന് ലിഫ്റ്റില്‍ കയറിയാണ് യുവതി രക്ഷപ്പെട്ടത്.
സംഭവത്തില്‍ അത്തോളി പോലീസ് കഴിഞ്ഞദിവസം തന്നെ യുവതിയില്‍നിന്ന് പ്രാഥമികമായ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Related Articles

Back to top button