LATESTKERALA

വേങ്ങരയിലെ പാലിയേറ്റീവ് സെന്ററില്‍ എട്ട് വയസ്സുകാരിക്ക് പീഡനം; രണ്ട് പേര്‍ക്കെതിരേ കേസ്

വേങ്ങര: രണ്ടു വര്‍ഷം മുമ്പ് കുന്നുംപുറം പാലീയേറ്റീവ് കെയര്‍ സെന്ററില്‍വെച്ച് എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പാലിയേറ്റീവ് കെയര്‍ സെക്രട്ടറി സക്കീറലി, ഡ്രൈവര്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേയാണ് കേസ്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചതായി പോലീസ് അറിയിച്ചു.
2016ല്‍ കുന്നുംപുറത്ത് എത്തിയ കോഴിക്കോട് സ്വദേശിയായ പിതാവിന്റെയും കുടക് സ്വദേശിയ മാതാവിന്റെയും മകളാണ് പീഡനത്തിനിരയായത്. 2017ല്‍ കാന്‍സര്‍ ബാധിതനായ പിതാവ് മരണപ്പെട്ടു. അധികം വൈകാതെ മാതാവും രോഗം ബാധിച്ച് കിടപ്പിലായി. തുടര്‍ന്ന് ഇവരെയും കുട്ടിയെയും കുന്നുംപുറം പാലിയേറ്റീവ് കെയറിലേക്ക് മാറ്റി സംരക്ഷണംനല്‍കി. ഈ സമയത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
മാതാവും മരിച്ചതോടെ അനാഥയായ പെണ്‍കുട്ടിയുടെ സംരക്ഷണം സക്കീറലി ഏറ്റെടുത്തു. അതിനിടെ പെണ്‍കുട്ടിയുടെ പിതാവിന്റെ ആദ്യഭാര്യയിലുള്ള കോഴിക്കോട് താമസമുള്ള സഹോദരി പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സക്കീറലിയെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
കഴിഞ്ഞ മേയ് 25ന് മലപ്പുറം ശിശുക്ഷേമ സമിതി മുമ്പാകെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സക്കീറലി പെണ്‍കുട്ടിയെ വിട്ടുകൊടുത്തത്.വീട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടി പീഡനവിവരം സഹോദരിയോടു പറയുന്നത്. തുടര്‍ന്ന് വക്കീലിന്റെ സഹായത്തോടെ കോഴിക്കോട് ചൈല്‍ഡ്‌ലൈനില്‍ പരാതിനല്‍കി.
ചൈല്‍ഡ്‌ലൈന്‍ സംഭവം നടന്ന മലപ്പുറം ജില്ലയിലെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി 164 പ്രകാരം മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

Related Articles

Back to top button