BREAKINGNATIONAL

ജോലി വാഗ്ദാനം ചെയ്ത് ഫാം ഹൗസില്‍ വച്ച് പീഡിപ്പിച്ചു; പ്രജ്വലിന്റെ സഹോദരന് എതിരെയും പീഡന പരാതി

ബെംഗളൂരു: ജനതാദള്‍ എസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് പിന്നാലെ സഹോദരന്‍ സൂരജ് രേവണ്ണയ്‌ക്കെതിരെയും ലൈംഗികാരോപണ പരാതി. ജനതാദള്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ് ജോലി വാഗ്ദാനം ചെയ്ത് സൂരജ് പീഡിപ്പിച്ചതായി പരാതി നല്‍കിയത്. എന്നാല്‍ ഇയാളും കുടുംബവും ചേര്‍ന്ന് പണം തട്ടിയെടുക്കാനായി ഭീഷണിപ്പെടുത്തുന്നതായി സൂരജ് രേവണ്ണയും പരാതിപ്പെട്ടു.
”പരാതിക്കാരന്‍ സൂരജ് രേവണ്ണയുടെ സ്ഥാപനമായ ‘സൂരജ് രേവണ്ണ ബ്രിഗേഡി’ലെ ജോലിക്കാരനാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ സൂരജിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൂരജ് അതു നല്‍കാന്‍ തയാറായില്ല. പിന്നാലെ ഇയാളെ സൂരജ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി 5 കോടി ആവശ്യപ്പെട്ടു. പിന്നീടത് 2 കോടി രൂപയാക്കി” എന്നാണ് സൂരജ് രേവണ്ണയ്ക്കു വേണ്ടി സന്തതസഹചാരി ശിവകുമാര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. അപായപ്പെടുത്തല്‍, ഭീഷണി, ഗൂഢാലോചന എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുത്തു.
ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സൂരജിനെതിരായ പരാതിയില്‍ പറയുന്നത്. സംഭവം പുറത്തറിയാതിരിക്കാന്‍ രേവണ്ണയുടെ ആളുകള്‍ തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും പരാതിക്കാരന്‍ ആരോപിക്കുന്നു. ഈ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്തത് ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക പീഡന വിഡിയോ ക്ലിപ്പുകള്‍ ചോര്‍ന്നതിനു പിന്നാലെയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, മൂത്ത സഹോദരന്‍ സൂരജിനെതിരെയും പരാതി ഉയര്‍ന്നത്. എന്നാല്‍, കുടുംബത്തെ ഒന്നാകെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ കെട്ടിച്ചമച്ച കേസാണിതെന്നും നിയമപരമായി നേരിടുമെന്നും സൂരജ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button