KERALALATEST

50കാരിയെ ബലാത്സംഗം ചെയ്ത ശേഷം വെട്ടി കൊലപ്പെടുത്തി; 12 വര്‍ഷത്തിന് ശേഷം പിടിയിലായ പ്രതിക്കെതിരേ ജനരോക്ഷം

കട്ടപ്പന: കാഞ്ചിയാര്‍ പള്ളിക്കവലയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 50 വയസ്സുകാരി കൊല്ലപ്പെട്ട കേസിലെ പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം കാഞ്ചിയാറില്‍ എത്തിച്ച് തെളിവെടുത്തു. കേസിലെ പ്രതി കല്‍ക്കൂന്തല്‍ ഈട്ടിത്തോപ്പ് പതാലിപ്ലാവില്‍ ഗിരീഷു(38)മായാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിന് എത്തിയത്.
സ്ഥലത്ത് എത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് സ്ത്രീ മരിച്ചുകിടന്ന വീട്, കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിച്ചുവെച്ച സ്ഥലവും കൊലപാതകശേഷം രക്ഷപ്പെട്ട വഴിയും പ്രതി കാണിച്ചുനല്‍കി.
2008 ആഗസ്റ്റിലാണ് കാഞ്ചിയാര്‍ കൈപ്പറ്റയില്‍ 50കാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി. പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിനിടെ എതിര്‍ത്ത സ്ത്രീയെ വീട്ടിലുണ്ടായിരുന്ന തവിയും വാക്കത്തിയും ഉപയോഗിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. സ്ത്രീയുടെ മുഖത്തും കഴുത്തിലും തലയിലുമേറ്റ പരിക്കാണ് മരണ കാരണമായത്.
2002ല്‍ അയല്‍വാസിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് 12 വര്‍ഷം ശിക്ഷിക്കപ്പെട്ടയാളാണ് ഗിരീഷ്. 2016ല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം എടുത്ത കേസ് വിചാരണയിലാണ്.
ഇന്‍സ്‌പെക്ടര്‍ ഷിന്റോ പി. കുര്യന്‍, എസ്.ഐ മാരായ എം.പി. മോനച്ചന്‍, സജി പോള്‍, സിജു ജോസഫ്, സി.പി.ഒമാരായ, ബിജേഷ്, അനീഷ്, പി.പി.ഫ്രാന്‍സിസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
പോലീസ് വാഹനം സ്ഥലത്ത് എത്തിയപ്പോളാണ് പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്ന കാര്യം നാട്ടുകാര്‍ അറിഞ്ഞത്. മിനിറ്റുകള്‍ക്കകം നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. ചിലര്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ക്ക് അമ്പരപ്പായിരുന്നു. കുട്ടികളെ പാട്ടും ഡാന്‍സും കായിക ഇനങ്ങളും പരിശീലിപ്പിച്ചുകൊണ്ടിരുന്ന ഗിരീഷ് കേസില്‍ പ്രതിയാകുമെന്ന് കരുതിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഗിരീഷ് ഉള്‍പ്പെടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 19 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. ഇവരെ പലതവണ ചോദ്യംചെയ്യലിന് വിധേയമാക്കി. യഥാര്‍ഥ പ്രതിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേസില്‍ സംശയത്തിന്റെ മുനയില്‍നിന്നിരുന്ന മറ്റുള്ളവര്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker