കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ചോദ്യം ചെയ്യലിനു ഹാജരാകാത്ത സാഹചര്യത്തില്‍ തുടര്‍ നടപടിക്ക് നിര്‍ദേശം തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണ സംഘം. സോണല്‍ ഡയറക്ടറോടും ജോയിന്റ് ഡയറക്ടറോടുമാണ് ഇതു സംബന്ധിച്ച് ഉപദേശം തേടിയിരിക്കുന്നത്. വോട്ടെടുപ്പു നടക്കുന്ന രാഷ്ട്രീയ സാഹചര്യമുള്ളതിനാല്‍ വ്യാഴാഴ്ച അടിയന്തര നടപടിക്കു നീക്കമില്ലെന്നാണ് അറിയുന്നത്.
അതേസമയം, ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രണ്ടാഴ്ച കൂടി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇഡിക്കു രവീന്ദ്രന് കത്തു നല്കി. മെഡിക്കല്‍ കോളജില്‍ ചികിത്സ നല്കുന്ന ഡോക്ടര്‍മാരുടെ ശുപാര്ശക്കത്തോടെയാണു സാവകാശം തേടിയത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കടുത്ത തലവേദനയും കഴുത്തു വേദനയും അനുഭവപ്പെടുന്നതിനാല്‍ കൊച്ചി വരെ യാത്ര ചെയ്തു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി മൂന്നാം വട്ടവും കത്തു നല്‍കിയതിനു പിന്നാലെ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുടെ പേരിലാണു രവീന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിനു വിദഗ്ധ പരിശോധന വേണമെന്നു മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. എംആര്‍ഐ സ്കാന്‍ എടുക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. രവീന്ദ്രന്റെ ആശുപത്രിവാസത്തില്‍ പ്രതിപക്ഷം ഉള്‍പ്പടെയുള്ളവര്‍ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു.