കോട്ടയം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോസ്ഥര്‍ക്കും പങ്കുണ്ടെന്നും ഇതില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പി.എ സി.എം രവീന്ദ്രന്റെ ബന്ധുക്കളാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷനുണ്ടെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കോവിഡ് ബാധിച്ചതില്‍ ദുരൂഹതയുണ്ടെന്നെന്നും ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.
സി.എം രവീന്ദ്രന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതില്‍ എവിടെ നിന്നാണ്. എവിടെയാണ് അദ്ദേഹത്തിന്റെ പരിശോധന നടന്നത്. അദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ കോവിഡ് പോസിറ്റീവായിരുന്നോ, കോവിഡാനന്തരം ശ്വാസ തടസമുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അടക്കം എല്ലാ കാര്യങ്ങളിലും ദുരൂഹത നിലനില്‍ക്കുകയാണെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ആരും തന്നെ ക്വാറന്റീനില്‍ പോയിരുന്നില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ നടത്തേണ്ട നടപടി ക്രമങ്ങളൊന്നും ആ ഓഫീസിനകത്ത് ഉണ്ടായിട്ടില്ലെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.
സി.എം രവീന്ദ്രന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ആരുടെയെങ്കിലും ബിനാമിയാണോ എന്നും കെ. സുരേന്ദ്രന് ചോദിച്ചു. പത്താം ക്ലാസുകാരനായ സിഎം രവീന്ദ്രന് പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയായിരുന്ന കാലത്തും ആ ഭരണ സ്വാധീനം ഉപയോഗിച്ച് നേടിയ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളെ സംബന്ധിച്ചും അദ്ദേഹത്തിന്റെ ബിനാമി ബന്ധങ്ങളെ പറ്റിയും വ്യക്തമായ വിവരങ്ങളാണ് പുറത്തുവന്നത്. ഇ.ഡി റെയ്ഡ് നടത്തിയിരിക്കുന്ന പല സ്ഥാപനങ്ങളും സി.എം രവീന്ദ്രന് പണം മുടക്കിയ സ്ഥാപനങ്ങളാണ്. ഇത് അദ്ദേഹത്തിന്റെ തന്നെ പണമാണോ ബിനാമി ഇടപാട് നടത്തിയതാണോ എന്നും അന്വേഷിക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. സി.എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരുമെന്നുള്ളത് കൊണ്ടാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് വൈകിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രന് ആരോപിച്ചു.