കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സി.എം.രവീന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വരാനുള്ള നോട്ടിസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം. കോവിഡ് അനന്തര രോഗങ്ങള്‍ അലട്ടുന്നതിനാല്‍ ദീര്‍ഘനേരം തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.
ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ഹര്ജിക്കാരന് അവകാശമില്ലായിരുന്നു ഇഡിയുടെ വാദം. പല തവണ നോട്ടിസ് അയച്ചിട്ട് ഹാജരായില്ലെന്നും നിയമത്തിന്റെ മുന്നില്‍നിന്ന് ഒളിച്ചോടാനാണ് രവീന്ദ്രന് ശ്രമിക്കുന്നതെന്നുമായിരുന്നു ഇഡി കോടതിയില്‍ അറിയിച്ചത്.
ഇഡിയുടെ വാദം കണക്കിലെടുത്താണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇതിനിടെ വ്യാഴാഴ്ച രാവിലെ സി.എം.രവീന്ദ്രന് കൊച്ചിയിലെത്തി ഇഡി ഓഫിസില്‍ ഹാജരായി. കോടതി വിധി എതിരാകുന്ന സാഹചര്യത്തില്‍ ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഇഡി ഓഫിസില്‍ ഹാജരായത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം കോവിഡാണെന്നോ കോവിഡ് അനന്തര ചികിത്സയിലാണെന്നൊ ഒക്കെ കാണിച്ച് സമയം നീട്ടി ചോദിച്ചിരുന്നു.