BUSINESSBANKINGLATESTNATIONAL

‘ആപ്പ്’ വായ്പ: ഫണ്ടിന്റെ സ്രോതസ്സുതേടി ആര്‍.ബി.ഐ.

മുംബൈ : മൊബൈല്‍ ആപ്പുകള്‍ വഴി അതിവേഗം നല്‍കുന്ന വായ്പകള്‍ക്ക് ഫണ്ട് എവിടെനിന്നു ലഭിക്കുന്നുവെന്ന് അന്വേഷിക്കാന്‍ റിസര്‍വ് ബാങ്ക്. വായ്പാതിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈല്‍ വിവരങ്ങള്‍ ചോര്‍ത്തി, അതുപയോഗിച്ച് സമൂഹത്തില്‍ അവരെ അപകീര്‍ത്തിപ്പെടുത്തി പണം തിരിച്ചുപിടിക്കുന്ന രീതിയാണ് ആപ്പുകള്‍ പിന്തുടരുന്നത്. രാജ്യവ്യാപകമായി ഇത്തരം ആപ്പുകള്‍ പിടിമുറുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ആത്മഹത്യകളും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
വായ്പാ ആപ്പുകള്‍ക്കുപിന്നില്‍ ചൈനയില്‍നിന്നുള്ളവരാണെന്ന് കര്‍ണാടകയിലും ഹൈദരാബാദിലും നടന്ന അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു. ആപ്പുകള്‍ക്ക് വിദേശബന്ധമുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനുപിന്നാലെയാണ് പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ആര്‍.ബി.ഐ. അന്വേഷണത്തിനൊരുങ്ങുന്നത്.
നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരം ആപ്പുകളിലേക്ക് പണം ലഭ്യമാക്കുന്നതിനും പിന്‍വലിക്കുന്നതിനും ബാങ്കുകള്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. ആപ്പിലൂടെയുള്ള പണത്തിന്റെ നീക്കം ഏതുബാങ്കിലാണ് അവസാനിക്കുന്നത്, ആപ്പുകള്‍ക്ക് ബാങ്കുകള്‍ വായ്പകള്‍ നല്‍കിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ കൃത്യമായ നടപടികള്‍ പാലിച്ചിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷിക്കുമെന്നാണ് സൂചന.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍വഴി നേരിട്ടോ പുറംകരാര്‍ വഴിയോ വായ്പകള്‍ നല്‍കുന്നുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണമെന്ന് ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് 2020 ജൂണില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹൈദരാബാദ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട് 1.4 കോടി ഇടപാടുകളിലൂടെ 21,000 കോടി രൂപയുടെ കൈമാറ്റം നടന്നതായി വ്യക്തമായിട്ടുണ്ട്.
ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ ആറുമാസക്കാലത്ത് നടന്നതാണ്. വേഗം കണ്ടുപിടിക്കാതിരിക്കാന്‍ വ്യാജകമ്പനികളുടെ പേരിലാണ് (ഷെല്‍ കമ്പനികള്‍) ഈ പണം ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് വന്നിരിക്കുന്നതെന്നാണ് വിവരം. നിയമങ്ങള്‍ മറികടക്കാനായി ഇത്തരം ആപ്പുകള്‍ ബാങ്കുകളിലെ കറന്റ് അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതായും സംശയിക്കുന്നുണ്ട്.

Related Articles

Back to top button