ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കുമുകളില് സിഖ് പതാക നാട്ടിയവര്‍ക്ക് ഖലിസ്താന്‍ വിഘടനവാദികളുമായി ബന്ധമുണ്ടോയെന്ന അന്വേഷണവുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍. സിഖ് ഗുരുദ്വാരകളിലുംമറ്റും കെട്ടാറുള്ള നിഷാന്‍ സാഹിബ് പതാകയാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കെട്ടിയത്. പഞ്ചാബ് താന്‍ തരണ്‍ ജില്ലയിലെ വാന്താരാസിങ് ഗ്രാമക്കാരനായ ജുഗ്രാജ് സിങ് എന്ന യുവാവാണ് കൊടി നാട്ടിയതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇയാളുടെ ബന്ധു അഭിമാനത്തോടെ ഇക്കാര്യം പങ്കുവെക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഖലിസ്താന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് രണ്ടരലക്ഷംരൂപ പ്രതിഫലംനല്കുമെന്ന് നിരോധിതസംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് രണ്ടാഴ്ചമുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണോ കിസാന്‍ പരേഡിന്റെ റൂട്ടുമാറ്റി കര്‍ഷകരില്‍ ഒരുവിഭാഗം എത്തിയതെന്ന് അന്വേഷിക്കുകയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍. ചെങ്കോട്ടയിലെ സി.സി.ടി.വി. ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളും വിശദമായി പരിശോധിക്കും.
ആസൂത്രകന്‍ ദീപ് സിദ്ദു?
ചെങ്കോട്ടയില്‍ സിഖ് പതാക നാട്ടിയതടക്കമുള്ള സംഘര്‍ഷത്തിലെ മുഖ്യ ആസൂത്രകന്‍ പഞ്ചാബി ചലച്ചിത്രതാരം ദീപ് സിദ്ദു. ഡല്‍ഹി ഔട്ടര്‍ റിങ് റോഡിലൂടെ ട്രാക്ടര്‍റാലി നടത്താനുള്ള കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ ആസൂത്രണത്തില്‍ സിദ്ദുവും പങ്കാളിയായി.
കൊടിമരത്തില്‍ സിഖ് പതാക നാട്ടാന്‍ നേതൃത്വംനല്‍കിയത് സിദ്ദുവാണെന്നാണ് വിവരം. ഇതിനുശേഷം സിദ്ദു ഫെയ്സ്ബുക്ക് ലൈവ് നടത്തി. ഈ വേളയില്‍ കര്‍ഷകരില്‍ ചിലര്‍ ക്ഷുഭിതരായി, ‘സമരം നശിപ്പിച്ചതു നീയാണെ’ന്ന് സിദ്ദുവിനെ കുറ്റപ്പെടുത്തുന്നതിന്റെയും ശകാരങ്ങള്‍ക്കൊടുവില്‍ ബൈക്കില്‍ക്കയറി പോവുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഒറ്റയ്ക്ക് തനിക്കെങ്ങനെ ഇത്രയുംപേരെ ചെങ്കോട്ടയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ വിമര്‍ശനങ്ങളോട് സിദ്ദുവിന്റെ പ്രതികരണം.
വിഘടനവാദികളായ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ സിദ്ദുവിനും സഹോദരന് മന്‍പ്രീത് സിങ്ങിനുമെതിരേ അടുത്തിടെ എന്‍.ഐ.എ. നോട്ടീസയച്ചിരുന്നു.
ചലച്ചിത്രതാരമാവുന്നതിനുമുമ്പ് മോഡലും അഭിഭാഷകനുമായിരുന്നു സിദ്ദു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുരുദാസ്പുരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ബോളിവുഡ് നടന് സണ്ണി ഡിയോളിന്റെ പ്രചാരണവിഭാഗം മാനേജരായിരുന്നു. കര്‍ഷകപ്രക്ഷോഭം ആരംഭിച്ചതോടെ സിദ്ദു ബി.ജെ.പി.ക്കെതിരേ സംസാരിച്ച് സമരവേദിയിലെത്തി. ഡല്‍ഹി ചലോ മാര്‍ച്ച് സിംഘു അതിര്‍ത്തിയില്‍ തടഞ്ഞപ്പോള്‍ പോലീസിനോട് ഇംഗ്ലീഷില്‍ കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുന്ന സിദ്ദുവിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമൊപ്പമുള്ള സിദ്ദുവിന്റെ ചിത്രങ്ങളും സണ്ണി ഡിയോളിന്റെ പ്രചാരണമാനേജരായിരുന്നതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ബി.ജെ.പി. ബന്ധം കര്‍ഷകനേതാക്കള്‍ ഉറപ്പിക്കുന്നത്.