BREAKINGNATIONAL

അതിസാഹസിക റീല്‍സ് ഷൂട്ടിനായി രണ്ട് പെണ്‍കുട്ടികള്‍, ബ്ലാക്ഫ്‌ലിപ്പില്‍ നടുവും തല്ലി താഴേക്ക്; വീഡിയോ വൈറല്‍

പെട്ടെന്ന് പ്രശസ്തരാകാനുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകളായി സമൂഹ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു. ഓരോ ദിവസവും നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും ആളുകളെ മടുപ്പിക്കുന്നവയാണ്. സമൂഹ മാധ്യമത്തില്‍ പലപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് എന്തിനാണ് ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നതെന്ന്. അതേസമയം അവയില്‍ പലതും വ്യാപകമായി പങ്കുവയ്ക്കപ്പെടാറുമുണ്ട്. റീലുകള്‍ക്കായി നടത്തുന്ന സാഹസിക പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുന്നതും റീലുകളായി നമുക്ക് മുമ്പില്‍ എത്തുന്നു. അത്തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധനേടി.
സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍കുട്ടികള്‍ റീല്‍ ചിത്രീകരണത്തിനായി നടത്തുന്ന സാഹസിക പ്രവര്‍ത്തി ഒരു വലിയ അപകടത്തില്‍ കലാശിക്കുന്നതിന്റെ വീഡിയോ ആയിരുന്നു ഇത്. വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍ ആയതോടെ ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം അപകടകരമായ പ്രവര്‍ത്തികള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
സ്‌കൂള്‍ യൂണിഫോം ധരിച്ച രണ്ട് വിദ്യാര്‍ത്ഥിനികളാണ് വീഡിയോയില്‍ ഉള്ളത്. ഇരുവരും ചേര്‍ന്ന് ഒരു പാലത്തിന്റെ മുകളില്‍ വച്ച് അതിസാഹസികമായ ഒരു സ്റ്റണ്ട് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു പെണ്‍കുട്ടി നില്‍ക്കുകയും മറ്റേയാള്‍ അവളുടെ തോളില്‍ കയറി നില്‍ക്കുകയും ചെയ്യുന്നു. ശേഷം തോളില്‍ കയറി നിന്ന പെണ്‍കുട്ടി വായുവില്‍ ഒരു ബാക്ക്ഫ്‌ലിപ്പ് ചെയ്യുന്നു. പക്ഷേ, അതിന്റെ അവസാനം വലിയൊരു ദുരന്തമായിരുന്നു. ബാക്ക്ഫ്‌ലിപ്പിന് പിന്നാലെ കാലുകുത്തി നിലത്ത് നിവര്‍ന്ന് നില്‍ക്കേണ്ടതിന് പകരം പെണ്‍കുട്ടി നടുവും തല്ലി പുറകോട്ട് നിലത്തടിച്ച് വീഴുന്നു. ഉടന്‍ തന്നെ കൂടെയുള്ള പെണ്‍കുട്ടി അവളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ വേദനയാല്‍ അവള്‍ കുഴഞ്ഞ് റോഡിലേക്ക് തന്നെ വീഴുന്നതും വീഡിയോയില്‍ കാണാം.
അരക്കിട്ട് തകര്‍ന്നു എന്ന് കുറിപ്പോടെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടത്. വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ റീല്‍ ഇതിനോടൊകം 17 ലക്ഷത്തിലധികം ആളുകള്‍ കണ്ടു. സ്വന്തം ജീവന്‍ അപകടപ്പെടുത്തി കൊണ്ടുള്ള ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് എന്തുകൊണ്ടാണ് ആളുകള്‍ മനസ്സിലാക്കാത്തത് എന്ന ആശങ്കയാണ് വീഡിയോ കണ്ട ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button