കാസര്‍കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച 49കാരന് മരിച്ചു. കാസര്‍കോട് ചെമ്മനാട് സ്വദേശി റഫീഖ് ആണ് മരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാണ് ആരോപണം. സംഭവത്തില്‍ യുവതി റഫീഖിനെ ചോദ്യംചെയ്യുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തതോടെ ഇയാള്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടി. യുവതിയും പിന്നാലെ ഓടി. ഇതുകണ്ട സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും മറ്റുള്ളവരും പ്രശ്നത്തില്‍ ഇടപെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച റഫീഖിനെ ഇവര്‍ ഓടിച്ചിട്ട് മര്‍ദിച്ചു.
ഏകദേശം അരക്കിലോമീറ്ററോളം ദൂരം ഇത്തരത്തില്‍ മര്‍ദനം നടന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടെ റഫീഖ് കുഴഞ്ഞുവീണതോടെ ചിലര്‍ പിന്‍വാങ്ങി. എന്നാല്‍ അഭിനയമാണെന്ന് പറഞ്ഞ് കുഴഞ്ഞുവീണ് കിടന്ന റഫീഖിനെ ചിലര്‍ വീണ്ടും മര്‍ദിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനുപിന്നാലെ വായില്‍നിന്ന് നുരയും പതയും കണ്ടതോടെ മറ്റുള്ളവര്‍ ഇടപെട്ട് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
റഫീഖിന്റെ മൃതദേഹം നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ എന്നാണ് പോലീസ് നല്കുന്ന വിവരം.
അപമാനിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ റഫീഖിനെതിരെയും അസ്വാഭാവിക മരണത്തിന് കണ്ടാലറിയാവുന്നവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.