KERALALATEST

രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി

കൊച്ചി: സ്വന്തം സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുമെന്ന് രഹ്ന നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് കീഴടങ്ങല്‍. തുടര്‍ അന്വേഷണത്തോടും നിയമ നടപടികളോടും പൂര്‍ണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ പിന്തുണ നല്‍കിയ എല്ലാവരോടും സ്‌നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നാണ് രഹ്ന ഫേസ്ബുക്കില്‍ കുറിച്ചത്.
ഇങ്ങനെയൊരു കേസുമായി എന്തിന് വന്നെന്നാണ് രഹ്ന ഫാത്തിമയുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചത്. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവര്‍ക്കിടയില്‍ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര എന്ത് സംസ്‌കാരമാണ് ഇതെന്നും ചോദിച്ചു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സുപ്രീംകോടതി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ ഈ കേസ് വരുമെന്നും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button