BUSINESSBUSINESS NEWS

കടം വീട്ടി അനില്‍ അംബാനി; റിലയന്‍സ് ഇന്‍ഫ്രയുടെ ആസ്ഥാന മന്ദിരം യെസ് ബാങ്കിന് വിറ്റു

മുംബൈ: അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മുംബൈയിലെ ആസ്ഥാന കെട്ടിടം യെസ് ബാങ്കിന് വിറ്റു. 1,200 കോടി രൂപയ്ക്കാണ് സാന്താക്രൂസിലെ ആസ്ഥാന മന്ദിരം വിറ്റത്. യെസ് ബാങ്കിന്റെ കടം തിരിച്ചടയ്ക്കുന്നതിനാണ് റിലയന്‍സ് ഇന്‍ഫ്ര വില്‍പന നടത്തിയത്. ഈ കെട്ടിടം യെസ് ബാങ്ക് അതിന്റെ കോര്‍പ്പറേറ്റ് ആസ്ഥാനമാക്കി മാറ്റും. നിലവില്‍ സെന്‍ട്രല്‍ മുംബൈയിലെ ഇന്ത്യാബള്‍സ് സെന്ററിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
മൊത്തം 4,000 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്ക് യെസ് ബാങ്കില്‍ ഉണ്ടായിരുന്നത്. റിലയന്‍സ് ഇന്‍ഫ്രയുടെ വില്‍പനയിലൂടെ ഈ കടബാധ്യത 1,800 കോടി രൂപയായി കുറഞ്ഞു. റിലയന്‍സ് ഇന്‍ഫ്ര ഈ വര്‍ഷം ജനുവരി മുതല്‍ മൂന്ന് പ്രധാന ആസ്തികളാണ് വിറ്റത്. ഡല്‍ഹി ആഗ്ര ടോള്‍ റോഡ്, വൈദ്യുതി ട്രാന്‍സ്മിഷന്‍ അസറ്റ്, ഇന്‍ഡിഗ്രിഡി എന്നിവയാണ് വിറ്റത്. 6.95 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള അത്യാധുനിക ഓഫീസ് കെട്ടിടമാണ് അനില്‍ അംബാനിയുടെ ആസ്ഥാനമായിരുന്ന റിലയന്‍സ് സെന്റര്‍. 2018ല്‍ റിലയന്‍സിന്റെ ബല്ലാര്‍ഡ് എസ്റ്റേറ്റ് ഓഫീസില്‍ നിന്ന് മാറിയശേഷമായിരുന്നു അംബാനി ഈ ഓഫീസിലേക്ക് ചേക്കേറിയത്.
മുംബൈയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയോട് ചേര്‍ന്നാണ് റിലയന്‍സ് സെന്ററിന്റെ ഓഫീസ്. റിലയന്‍സിന്റെ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളായ റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ്, മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടങ്ങളിലാണ്. ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് 15 മിനിറ്റ് മാത്രമേ ഓഫീസിലേക്കുള്ളൂ. നേരത്തെ ആസ്ഥാനമന്ദിരം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് നോട്ടീസ് അയച്ചിരുന്നു.

Related Articles

Back to top button