BREAKINGNATIONAL
Trending

നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം; റോഡില്‍ രണ്ടിടങ്ങളില്‍ സിഗ്‌നല്‍, മണ്ണ് നീക്കി പരിശോധിക്കുന്നു

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാര്‍ പരിശോധനയില്‍ രണ്ടിടങ്ങളില്‍ കൂടി സിഗ്‌നല്‍ ലഭിച്ചുവെന്നാണ് പുതിയ വിവരം. സിഗ്‌നല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അര്‍ജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചില്‍ തുടരുന്നത്. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍ നടത്താനായിരുന്നു സൈന്യത്തിന്റെ നീക്കം. അതിനിടയിലാണ് പ്രതീക്ഷ നല്‍കി രണ്ടിടങ്ങളില്‍ കൂടി സിഗ്‌നല്‍ ലഭിച്ചത്.
അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതു കൂടാതെ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തും. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്.
രാവിലെ മുതല്‍ സ്‌കൂബ ഡൈവേഴേ്‌സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയിലാണ് സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തുന്നത്. പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Related Articles

Back to top button