ഇടുക്കി: പള്ളിവാസലില്‍ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി കോവിഡ് പോസിറ്റീവായതിനാല്‍ തുടര്‍നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ രേഷ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനാല്‍ വിശദമായ മൃതദേഹ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകുകയാണ്.
അതിനിടെ, സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രേഷ്മയെ അവസാനമായി കണ്ടത് അനുവിനൊപ്പമാണെന്ന് ചിലര്‍ നേരത്തെ വിവരം നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. രേഷ്മയുടെ പിതാവിന്റെ അര്‍ധസഹോദരനാണ് അനു. രേഷ്മയും അനുവും തമ്മിലുള്ള സൗഹൃദത്തെച്ചൊല്ലി നേരത്തെ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെച്ചൊല്ലി അനു രേഷ്മയെ കുത്തിക്കൊന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നേരത്തെ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയില്‍നിന്നുള്ള നിഗമനം.
ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് ബന്ധുവായ അനുവിനൊപ്പം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി ചിലര്‍ വിവരമറിയിച്ചത്. അനുവിനൊപ്പം മകള്‍ പോകുന്നത് കണ്ടതായി സുഹൃത്തുക്കള്‍ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കാട്ടിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.