BREAKINGKERALALIFESTYLE

ഇരട്ടയെഴുത്തിന്റെ ഒരു പതിറ്റാണ്ട്

എഴുത്തിന്റെ മണ്ഡലത്തില്‍ വലിയ പാരമ്പര്യം ഒന്നുമില്ലാത്ത കുടുംബങ്ങളില്‍ നിന്ന് വന്ന രണ്ടു പേര്‍ . ഡോ രശ്മി ജി യും ഡോ അനില്‍ കുമാര്‍ കെ.എസും. . വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ക്കൂടി കടന്നു വന്ന , താഴേ തട്ടിലുള്ള രണ്ടു പേര്‍.
അക്കാഡമിക് മേഖലയില്‍ ഗവേഷണത്തിന് അപ്പുറത്ത് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുക എന്ന ആഗ്രഹത്തോടെ കൂടിയാണ് ഇരുവരും ഒന്നിച്ച് എഴുതാന്‍ തുടങ്ങിയത്. 2014 മുതല്‍ ഒന്നിച്ചെഴുതുന്നു.. ഇരുവരും കഠിനമായ അധ്വാനത്തിലൂടെയാണ് തങ്ങളുടെ പാത തെളിയിച്ചെടുത്തത്.. അതുകൊണ്ടുതന്നെ അംഗീകാരങ്ങള്‍ ഇരുവര്‍ക്കും അകലെയായിരുന്നു

കാമ്പസില്‍ നിന്നും ജീവിതത്തിലേയ്ക്ക്

കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗത്തില്‍ വെച്ച് ഉള്ള കണ്ടുമുട്ടലാണ് ഒരുമിച്ചുള്ള എഴുത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും നയിച്ചത് . 2014 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. അതോടൊപ്പം പുസ്തകങ്ങളും ചെയ്തു തുടങ്ങി. 2021 ല്‍ ഒന്നിച്ച് ജീവിക്കാമെന്നുറപ്പിച്ച് വിവാഹം കഴിച്ചു. വിവാഹ ശേഷവും എഴുത്തിന്റെയും വായനയുടെയും മണ്ഡലത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയുന്നുവെന്ന് ഇരുവരും പറയുന്നു.

പുരസ്‌കാരങ്ങള്‍

സവിശേഷമായ ഒരു മേഖലയില്‍ പഠനം കേന്ദ്രീകരിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ആ ഒരു നിലയിലാണ് ചലച്ചിത്ര സംസ്‌കാര പഠനം എന്ന മേഖലയിലേക്ക് എത്തുന്നത്. അത്തരമൊരു എഴുത്തിന് ഷാജി രാമചന്ദ്രന്‍ | സാറിന്റെ പ്രസാധകന്‍ മാസിക വലിയൊരു അളവോളം പ്രോത്സാഹനം നല്‍കുകയുണ്ടായി. അതുപോലെ കേരള ഭൂഷണം വീക്കെന്‍ ന്‍ഡും ( കെ. എം സന്തോഷ് കുമാര്‍ ) ധാരാളമായ പിന്‍തുണകള്‍ നല്‍കി.
തുടര്‍ന്നാണ് ജനകീയ സിനിമയുടെ സാംസ്‌കാരിക പരിസരങ്ങളെ അന്വേഷിക്കുന്ന ജനകീയ സിനിമ എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തേടിയെത്തുന്നത് പ്രസാധകന്‍ മാസികയില്‍ വന്ന ദളിത് സ്ത്രീ നിര്‍മ്മിതികള്‍ എന്ന ലേഖനത്തിനായിരുന്നു. ഒരുപക്ഷേ അത്തരമൊരു പുരസ്‌കാരം ലഭിച്ചത് എഴുത്തിന്റെ ദിശയില്‍ ഒരു വലിയ മാറ്റമാണ് കുറിച്ചത് എന്ന് പറയാം… ചലച്ചിത്ര നിരൂപണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും മികവുറ്റ രചനകള്‍ നടത്തുവാനും പുതിയ പഠന മേഖലകള്‍ അന്വേഷിക്കുവാനും ഒക്കെ ഈ ഒരു പുരസ്‌കാരം കാരണമായി എന്നു പറയാം.. അതിന്റെ തുടര്‍ച്ചയിലാണ് കുറച്ചുകൂടി ഗൗരവമുള്ള പഠനങ്ങളും രചനകളും പ്രസിദ്ധീകരിച്ചത്…അതിനെ തുടര്‍ന്നാണ് 2017 ല്‍ മികച്ച ചലച്ചിത്ര പഠനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം തേടിയെത്തുന്നത്. ചലച്ചിത്ര അക്കാദമിയുടെ ഫെലോഷിപ്പ് , ദ്യുതി സാംസ്‌കാരിക സംഘത്തിന്റെ ദ്യുതി അക്ഷര പുരസ്‌കാരം , സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ മികച്ച ചലച്ചിത്ര പഠന ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ചലച്ചിത്ര നിരൂപണ രംഗത്ത്

കോഴിക്കോടന്‍ നാദിര്‍ഷ സിനിക്ക് മുതല്‍പേരില്‍ നിന്ന് തുടങ്ങുന്ന ചലച്ചിത്ര നിരൂപണ പരമ്പരയില്‍ ഇങ്ങേയറ്റം പുതിയ തലമുറയില്‍ സാന്നിധ്യം അറിയിക്കുന്നവരാണ് ഇരുവരും .കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആറോളം ചലച്ചിത്ര സാംസ്‌കാരിക പഠന ഗ്രന്ഥങ്ങള്‍ എഴുതി തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനകീയ സിനിമാ കൂട്ടായ്മകളുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ജനകീയ സിനിമ, കമ്പോള സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലങ്ങളെ വിമര്‍ശന വിധേയമാക്കുന്ന വെള്ളിത്തിരയുടെ രാഷ്ട്രീയം , ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള പഠനമായ സുവര്‍ണ്ണ ചലച്ചിത്രങ്ങള്‍ , തിരശീലയിലെ കാമനകളെ വിമര്‍ശനാധിഷ്ഠിതമായി വിലയിരുത്തുന്ന തിരയും കാമനയും , ചലച്ചിത്രങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഐഡിയോളജികളെ വിശകലനം ചെയ്യുന്ന ചലച്ചിത്രം കാഴ്ചയുടെ നിര്‍മ്മിതികള്‍ , ലെനിന്‍ രാജേന്ദ്രന്റെ ചലച്ചിത്ര സംഭാവനകളെ ക്രോഡീകരിച്ച ഗ്രന്ഥമായ
തിരക്കാഴ്ചയുടെ സൗന്ദര്യ ദര്‍ശനങ്ങള്‍ എന്നിവ പ്രസിദ്ധീകൃതമായവയാണ്. സമാന്തര ചലച്ചിത്ര ലോകത്ത് അടയാളപ്പെടുത്തപ്പെട്ട എം.പി സുകുമാരന്‍ നായരുടെ ചലച്ചിത്ര ജീവിതത്തെ അവതരിപ്പിക്കുന്ന എംപി സുകുമാരന്‍ നായരുടെ ചലച്ചിത്ര സഞ്ചാരങ്ങള്‍ എന്ന കൃതി പ്രസിദ്ധീകരണത്തിനു തയ്യാറായിക്കഴിഞ്ഞു.

മഴവില്‍ ലൈംഗികത

മഴവില്‍ ലൈംഗികതയെക്കുറിച്ച് നിരന്തരമായ ഗവേഷണ പഠനങ്ങള്‍ ഇരുവരും നടത്തി വരുന്നു. ക്വീയര്‍ പൊളിറ്റിക്‌സ് എന്ന
ഗ്രന്ഥപരമ്പര ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ്. കനി , ലെസ് ബോസ് , വിമത ലൈംഗികത , ട്രാന്‍സ് ജന്റര്‍ , അവളിലേയ്ക്കുള്ള ദൂരം : സൂര്യയുടെ ജീവിത കഥ എന്നിവയുള്‍പ്പെടെ ഏഴോളം ഗ്രന്ഥങ്ങള്‍ ക്വീയര്‍ പുസ്തക പരമ്പരയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴവില്‍ ലൈംഗികത പഠനങ്ങള്‍ ഫാഷന്‍ ആയ ഈ കാലത്ത് , അതിനും ഏറെ മുമ്പേ പുസ്തക പരമ്പര ചെയ്ത ഇരുവരെയും അക്കാദമിക ലോകം കണ്ടതായി നടിച്ചില്ല.

പ്രതിസന്ധികളിലൂടെ

പത്തു വര്‍ഷത്തിനിടയില്‍ ഇരുപതിലധികം പുസ്തകങ്ങള്‍ ചെയ്തു. സിനിമയും ജന്‍ഡറും പ്രധാന മേഖലയായി തിരഞ്ഞെടുത്ത് ഗവേഷണ പഠനങ്ങള്‍ നടത്തുന്ന ആളുകള്‍ വളരെ വിരളമാണ്. പാരമ്പര്യ വിഷയങ്ങളില്‍ നിന്നുള്ള വിച്ഛേദനങ്ങളാണ് ഇരുവരുടെയും രചനകള്‍. അതുകൊണ്ടു തന്നെ അക്കാദമിക് അക്കാദമികേതര മേഖലകളിലെ എഴുത്തുകാരും പണ്ഡിതരും ഇരുവരെയും പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. യഥാര്‍ത്ഥ കാര്യകാരണങ്ങള്‍ തികച്ചും അജ്ഞാതമത്രേ.. അനവധി തിരസ്‌കാരങ്ങള്‍ നേരിടുമ്പോഴും അതിനെ മറികടന്ന് പുതിയ പുതിയ എഴുത്തിലേയ്ക്ക് സഞ്ചരിക്കുകയാണ് ഇരുവരും .

പുസ്തകങ്ങള്‍ സംസാരിക്കട്ടേ..

പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ എഴുത്തുകാരന്‍ വാചാലനാകുന്ന പുതിയ കാലത്ത് , തങ്ങളുടെ പുസ്തകങ്ങള്‍ സംസാരിക്കട്ടേ എന്ന നിലപാടാണ് ഇരുവര്‍ക്കും .അതു കൊണ്ടു തന്നെ അധ്യാപകര്‍ക്കും സാഹിത്യ സാംസ്‌കാരിക പ്രതിഭകള്‍ക്കും പുസ്തകങ്ങള്‍ കാഴ്ചവെച്ച് അനുഗ്രഹം വാങ്ങുന്ന ട്രെന്‍ഡ്
ന്റെ പിറകേ ഇരുവരും സഞ്ചരിക്കുന്നില്ല. മഴവില്‍ ലൈംഗികതയുടെ പഠനങ്ങള്‍ ചെയ്തതിന്റെ ധാരാളം പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.. അത് എല്ലാം തള്ളിക്കളഞ്ഞു കൊണ്ട് ഇരുവരും മുന്‍പോട്ട് പോകുന്നു

എന്തിനു എഴുതുന്നു ?

നിങ്ങള്‍ എന്തിനാണ് എഴുതുന്നത്
എന്ന് ചോദിക്കുന്നവരും പരിഹസിക്കുന്നവരുമാണ് ചുറ്റിലും…. തങ്ങള്‍ നടത്തുന്നത് ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണെന്ന് ഇരുവരും വിശ്വസിക്കുന്നു…. സാംസ്‌കാരിക വേദികളില്‍ ഘോരഘോരമുള്ള പ്രസംഗങ്ങള്‍ മാത്രമല്ല സാംസ്‌കാരിക ഇടപെടലുകള്‍. തങ്ങള്‍ക്ക് അറിയാവുന്നതും വായിച്ചതും അന്വേഷണങ്ങളിലൂടെ അറിഞ്ഞതുമായ കാര്യങ്ങള്‍ വരും തലമുറയ്ക്ക് കൂടി ഉപകാരപ്രദമാകുവാന്‍ ഈ പുസ്തകങ്ങള്‍ സഹായിക്കുമെന്ന് ഇരുവരും വിശ്വസിക്കുന്നു…. അതുകൊണ്ട് തന്നെ കളിയാക്കലുകളെയും തിരസ്‌കാരങ്ങളെയും അവഗണിച്ചു മഴവില്‍ ലൈംഗികതയുടെ പുസ്തകപരമ്പര
ഇവര്‍ പുറത്തിറക്കുന്നു.

ചലച്ചിത്ര സംസ്‌കാര പഠനമെന്ന മേഖല..

ഒരു ഫാഷന്‍ ട്രെന്‍ഡ് എന്നതിനപ്പുറത്ത് ഗൗരവമുള്ള അന്വേഷണ പഠന മേഖലയാണ് ചലച്ചിത്ര പഠന മേഖല. 2014 മുതല്‍ ഇരുവരും നടത്തി വരുന്ന ഗവേഷണ പഠനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുണ്ട്. മലയാള സിനിമയുടെ അറിയപ്പെടാത്ത ഏടുകളിലേയ്ക്കുള്ള അന്വേഷണങ്ങള്‍ തുടര്‍ന്നു വരുന്നു. ചലച്ചിത്ര പഠനത്തിന്റെ പുതിയൊരു കാലത്തേയ്ക്കുള്ള അടയാളങ്ങള്‍ ആയി മാറാന്‍ സാധ്യത ഉള്ള വര്‍ക്കുകളിലാണ് ഇരുവരും …

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button