റോഡുകളിലും മറ്റും പരസ്യം കാണിക്കുന്ന ബില്‍ ബോര്‍ഡുകള്‍ ധാരാളമായി കണ്ടിട്ടുണ്ടാകും. എന്നാല്‍, കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നുള്ള ഒരു യുവാവ് എല്ലാവരെയും ഞെട്ടിച്ചത് സ്വയം ബില്‍ബോര്‍ഡ് ആയി മാറിക്കൊണ്ടായിരുന്നു. ബിരുദധാരിയായ ഈ യുവാവ് സ്വന്തം റെസ്യൂമെ ടി- ഷര്‍ട്ടില്‍ പ്രിന്റ് ചെയ്ത് അത് ധരിച്ച് തിരക്കേറിയ നഗരങ്ങളിലൂടെ യാത്ര ചെയ്ത് തൊഴില്‍ തേടിയ കാഴ്ച വലിയ കൗതുകമാണ് ആളുകളില്‍ ഉണ്ടാക്കിയത്.
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ജിയോമാറ്റിക്സില് നിന്ന് ബിരുദം നേടിയ 21 -കാരനായ സോംഗ് ജിയാലെ എന്ന യുവാവാണ് ഇത്തരത്തില്‍ വേറിട്ടൊരു തൊഴില്‍ അന്വേഷണം നടത്തിയത്. ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കുന്നതിനു മുന്‍പായി നിരവധി ഇടങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ ഇദ്ദേഹം അവസരം തേടിയെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെയാണ് ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗം സ്വീകരിച്ചത്. തന്റെ ബയോഡാറ്റ ടി- ഷര്‍ട്ടില്‍ പ്രിന്റ് ചെയ്ത് അത് ധരിച്ച് തിരക്കേറിയ നഗരങ്ങളിലൂടെ സഞ്ചരിച്ചാല്‍ തീര്‍ച്ചയായും ഏതെങ്കിലും കമ്പനികളിലെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുമെന്ന വിശ്വാസത്തിലാണ് ഇത്തരത്തില്‍ സ്വയം ബില്‍ബോര്‍ഡ് ആകാന്‍ തീരുമാനിച്ചത് എന്നാണ് സോംഗ് ജിയാലെ പറയുന്നത്.
അദ്ദേഹത്തിന്റെ ടി- ഷര്‍ട്ടിന്റെ മുന്‍വശത്ത് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ‘ജോലി അന്വേഷിക്കുന്നു, ദയവായി പിന്‍വശം നോക്കൂ.’ ടി- ഷര്‍ട്ടിന്റെ പിന്ഭാഗത്താകകട്ടെ പേര്, യൂണിവേഴ്സിറ്റി, പഠനമേഖല, വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങള്‍, ഇന്റേണ്‍ഷിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ ബയോഡാറ്റയുടെ ഒരു പകര്‍പ്പ് തന്നെ പ്രിന്റ് ചെയ്തു വച്ചിട്ടുണ്ട്.
ആളുകള്‍ക്ക് തന്നെ ബന്ധപ്പെടുന്നതിനായി ഫോട്ടോയ്ക്ക് മുകളില്‍ ഒരു ക്യുആര്‍ കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഒരു ജോലി കണ്ടെത്തുന്നത് ഒരു പങ്കാളിയെ കണ്ടെത്തുന്നത് പോലെ തന്നെ ബുദ്ധിമുട്ടാണ്, നമുക്ക് പരസ്പരം സഹായിക്കാം’ എന്ന അഭ്യര്‍ത്ഥനയും ഇതിനോടൊപ്പം ചേര്‍ത്തിരുന്നു.
ഏതായാലും അദ്ദേഹത്തിന്റെ ഈ പരീക്ഷണം വിജയിച്ചു എന്നുവേണം പറയാന്‍. കാരണം നഗരത്തിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയില്‍ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരം സോംഗ് ജിയാലെയെ തേടി എത്തിയിട്ടുണ്ട്.
66 1 minute read