തിരുവനന്തപുരം: തന്നെ തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പി.എസ്.സി. അംഗത്വം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പ്രാദേശിക നേതാവ് കോഴവാങ്ങിയെന്ന് ആരോപണത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അതിന്റെ ലക്ഷ്യമെന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ വസ്തുതയൊന്നുമില്ലെന്ന് ബോധ്യമായാലും വലിച്ചിഴയ്ക്കുന്നവര്‍ അത് തിരുത്താനോ വിശദീകരണം നല്‍കാനോ തയ്യാറാകുന്നില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു അന്യായമല്ലേ? ഇതിനെതിരെ നിയമനടപടി സ്വീകരിക്കും’, എന്നായിരുന്നു മന്ത്രി റിയാസിന്റെ വാക്കുകള്‍.
എന്തുകൊണ്ടാണ് തന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ അറിയാം. താന്‍ പ്രത്യേകിച്ച് പറയേണ്ടകാര്യമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴിവാങ്ങിയതായി പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു. ഏരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ് പരാതി. 60 ലക്ഷംരൂപ നല്‍കാന്‍ ധാരണയുണ്ടാക്കിയെന്നാണ് വിവരം. ഇതില്‍ 22 ലക്ഷം രൂപ കൈപ്പറ്റി. ഇതേക്കുറിച്ച് സംസ്ഥാനനേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് ഇടപാടിന്റെ വിവരങ്ങള്‍ കണ്ടെത്തിയത്.
സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ് പി.എസ്.സി. അംഗത്വം നല്‍കാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാര്‍ പരാതി നല്‍കിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നും പരാതിയില്‍ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എല്‍.എമാരായ കെ.എം. സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്. റിയാസിന്റെ അയല്‍വാസികൂടിയായ പ്രമോദ് കോട്ടൂളിയാണ് കോഴ വാങ്ങിയതെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.
93 1 minute read