റോഡരികില്‍ മത്സ്യം വില്‍ക്കുന്നതിന് വിലക്ക്

കോട്ടയം: കൊവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റോഡരികില്‍ മത്സ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാല്‍ മത്സ്യം വാങ്ങിക്കാന്‍ ആളുകള്‍ റോഡരികില്‍ തടിച്ചുകൂടുകയാണ്. ഇത് വൈറസ് വ്യാപനത്തിന് ഇടയാക്കിയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് റോഡരികിലെ മത്സ്യ വില്‍പനയ്ക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.
നിലവില്‍ റോഡരികില്‍ മത്സ്യം വില്‍ക്കുന്നവരെല്ലാം ഉടന്‍ അടുത്തുള്ള മത്സ്യ മാര്‍ക്കറ്റുകളിലേക്ക് വില്‍പന കേന്ദ്രം മാറ്റണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ കുറച്ചുകാലമായി അടച്ചിരിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മത്സ്യ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളി യൂണിയനുകളും സര്‍ക്കാരിതര സംഘടനകളുമായി കൂടിയാലോചിച്ചാണ് വിപണി തുറക്കാന്‍ തീരുമാനിച്ചത്.
കര്‍ശനമായ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ മത്സ്യ വില്‍പന അനുവദിക്കുകയുള്ളുവെന്നും റോഡരികില്‍നിന്ന് മത്സ്യം വില്‍ക്കുന്നവര്‍ ഉടന്‍ മാര്‍ക്കറ്റിലേക്ക് മാറണമെന്നും മന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക മത്സ്യ വില്‍പന കേന്ദ്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഗ്രാമബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാവുന്നതാണ്. ഏതെങ്കിലും മത്സ്യ മാര്‍ക്കറ്റ് അടച്ചുപൂട്ടുന്നത് തുടരുകയാണെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ മത്സ്യ വില്‍പന കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. പകര്‍ച്ചവ്യാധി ഭയന്ന് ആളുകള്‍ മത്സ്യം വാങ്ങിക്കുന്നത് കുറവാണ്. അതിനാല്‍ വരുമാനം നിലച്ചിരിക്കുകയാണെന്നും കുടുംബം കഴിയാന്‍ ബുദ്ധിമുട്ടുകയാണെന്നും കച്ചവടക്കാര്‍ പറഞ്ഞു.