BREAKING NEWSKERALA

കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

കല്‍പറ്റ: കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ബത്തേരി മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്നു. ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് രാജിയെന്നും വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുള്ള തീരുമാനമെടുത്തതെന്നും റോസക്കുട്ടി പറഞ്ഞു.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് റോസക്കുട്ടിയുടെ രാജി. ലതിക സുഭാഷിനോടുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ വേദനിപ്പിച്ചെന്ന് റോസക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലതികാ സുഭാഷ് രാജിവെച്ചത്.
മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകയായിരുന്ന റോസക്കുട്ടി 1991ലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. എ.ഐ.സി.സി.അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ്.

Related Articles

Back to top button