BREAKING NEWSNATIONALTECH

രുദ്രം1 ഭസ്മമാക്കും ശത്രുവിന്റെ റഡാറുകളെ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാന്‍ തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷന്‍ മിസൈലായ രുദ്രം1 ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ശത്രു രാജ്യങ്ങളുടെ റഡാറുകളും നീരീക്ഷണ സംവിധാനങ്ങളും തിരിച്ചറിഞ്ഞ് അതിവേഗത്തില്‍ തകര്‍ക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ ന്യൂ ജനറേഷന്‍ ആന്റി റേഡിയേഷന്‍ മിസൈലാണിത് (എന്‍.ജി.എ.ആര്‍.എം).
ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ ആണ് പുതിയ മിസൈല്‍ വികസിപ്പിച്ചത്. രുദ്രം1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമമേധാവിത്വവും തന്ത്രപ്രധാന ശേഷിയും ആര്‍ജിക്കാന്‍ കഴിയും.
ശത്രു റഡാറിനെ ലക്ഷ്യമാക്കി സുഖോയ് യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആന്റി റേഡിയേഷന്‍ മിസൈല്‍ ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കും. ശത്രു സാന്നിധ്യം കണ്ടെത്തി 250 കിലോമീറ്റര്‍ പരിധിക്കുള്ളിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനും കഴിയും.
വിവിധ ശ്രേണിയിലുള്ള റേഡിയേഷന്‍ ഉറവിടങ്ങളെ അതിവേഗത്തില്‍ തിരിച്ചറിയാനുള്ള ശേഷിയും മിസൈലിനുണ്ട്. ശത്രു റഡാറിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചതിന് ശേഷവും ആവശ്യമെങ്കില്‍ മിസൈലിന്റെ ലക്ഷ്യം പുനക്രമീകരിക്കാന്‍ സാധിക്കുമെന്നതും ആന്റി റേഡിയേഷന്‍ മിസൈലിന്റെ പ്രത്യേകതയാണ്. മിസൈല്‍ വിക്ഷേപിച്ചതിന് ശേഷം ശത്രുക്കള്‍ അവരുടെ റഡാര്‍ പ്രവര്‍ത്തന രഹിതമാക്കിയാലും ലക്ഷ്യത്തിലെത്തി അതിനെ ചാരമാക്കാനും മിസൈലിന് കഴിയും.
വിക്ഷേപണം വിജയകരമായതിന് പിന്നാലെ ശ്രദ്ധേയമായ നേട്ടം വൈകരിച്ചതിന് മിസൈല്‍ നിര്‍മിച്ച ഡി.ആര്‍.ഡി.ഒയെയും പങ്കാളികളെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിക്കുകയും ചെയ്തു.

Related Articles

Back to top button