ചെന്നൈ: മോട്ടോര്‍ സൈക്കിള്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഇഷ്ടാനുസരണമുള്ള മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദ്ദേശിക്കാന്‍ സാധിക്കുന്ന മേയ്ക് ഇറ്റ് യുവേഴ്സ് (എം.ഐ.യു.) എന്ന സംവിധാനത്തിന് റോയല്‍ എന്‍ഫീല്‍ഡ് തുടക്കം കുറിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ആപ്പിലെയും വെബ്സൈറ്റിലേയും 3 ഡി കോണ്‍ഫിഗറേറ്റര്‍ വഴി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാം. റോയല്‍ എന്‍ഫീല്‍ഡ് ഡീലറെ സമീപിച്ചാലും മതി.
റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650ല്‍ പെട്ട ഐ.എന്‍.ടി. 650, കോണ്ടിനെന്റല് ജി.ടി. 650 എന്നീ മോട്ടോര്‍ സൈക്കിളുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സൗകര്യമുണ്ടായിരിക്കുകയെന്ന് റോയല്‍ എന്‍ഫീല്‍ഡ് സി.ഇ.ഒ. വിനോദ് കെ. ദാസരി പറഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ മോട്ടോര്‍ സൈക്കിളുകള്‍ക്കും ബാധകമാക്കും. ഭാവിയില്‍ പുറത്തിറങ്ങുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും തുടക്കത്തില്‍ തന്നെ എം.ഐ.യു. സാദ്ധ്യമാണ്.
കഴിഞ്ഞ മാസം അവതരിപ്പിച്ച റോയല്‍ എന്‍ഫീല്‍ഡ് ആപ്പ്, ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐ ഒ എസ് ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴി നിലവില്‍ മോട്ടോര്‍ സൈക്കിള്‍ ബുക്കിങ് നടക്കുന്നുണ്ട്. സര്‍വീസ് സംബന്ധമായ ആവശ്യങ്ങളും ആപ്പ് വഴി ഉന്നയിക്കാവുന്നതാണ്.
2018ല്‍ വിപണിയിലിറക്കിയ ഇന്റര്‍സെപ്റ്റര്‍ 650 ആഗോള തലത്തില്‍ ഇരുചക്ര വാഹന പ്രേമികളുടെ മനം കവരുകയുണ്ടായി. യു.കെ.യില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അവാര്‍ഡുകളും കരസ്ഥമാക്കി.