തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. നീക്കത്തിനെതിരെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം നടത്തി. കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎം ബേബി പറഞ്ഞു.
കേരള സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര് എസ് എസിന്റെ കുല്‍സിതനീക്കമാണ് ഇതിനു പിന്നില്‍. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കണം. ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നേതൃത്വം കൊടുത്ത ആളാണ് , ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആര് എസ് എസ് മേധാവിയെന്നും ബേബി പറഞ്ഞു.
ആധുനിക ഇന്ത്യയുടെ വര്ഗീയവല്ക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വര്‍ഗ്ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്‍കുന്നത് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണെന്ന് എം.എ ബേബി കൂട്ടിചേര്‍ത്തു. നവോത്ഥാനനായകരുടേയും മതേതരപുരോഗമന ചിന്തകളുടേയും ബലിഷ്ടമായ ചരിത്രമുള്ള നമ്മുടെപ്രിയനാടിനെ അപമാനിക്കാനും നിന്ദിക്കാനുമാണ്. കേരളത്തിലെ ജനാധിപത്യവാദികള്‍ ഈ പ്രകോപനത്തില്‍ വീഴരുത്. അതേ സമയം അധിക്ഷേപകരമായ ഈ പേരിടല്‍ നീക്കത്തെ സര്‍വ്വശക്തിയും സമാഹരിച്ച് എതിര്‍ക്കുകയും വേണമെന്നും ബേബി ആവശ്യപ്പെട്ടു.
ആര്‍ജിസിബി യുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മതവിദ്വേഷവും, ഫാസിസവും, അസഹിഷ്ണതയും മാത്രം മുഖ മുദ്രയാക്കുകയും, ഇന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന സംഘടനയാണ് ആര് എസ് എസ്. ആ സംഘടനയടെ അധ്യക്ഷനായിരുന്ന ഒരു വ്യക്തിയുടെ പേര് ഇന്ത്യയുടെ അഭിമാനമായ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് നല്‍കുന്നത് വിരോധാഭാസമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.അധികാരം കിട്ടുമ്പോള്‍ എന്തുമാവാമെന്ന അവസ്ഥയാണുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് മനസ്സിലാകുന്നില്ലെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു.രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായിരുന്നു എന്ന്, അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു.
ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച ബി ജെ പി യുടെ മറ്റു നേതാക്കള്‍ ആരുമില്ലായിരുന്നോ? ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്ലര്‍ ആരാധകന് ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വി എച്ച് പി യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേയെന്നും തരൂര്‍ ചോദിച്ചു.