ENTERTAINMENTMALAYALAMTAMIL

എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പാട്ട് കേള്‍ക്കുന്നു, അടുത്തവരെ തിരിച്ചറിയുന്നു

ചെന്നൈ: വിഖ്യാതഗായകന്‍ എസ് പി ബാലസുഹ്രഹ്മണ്യം ബോധം വീണ്ടെടുത്തെന്നും പ്രിയപ്പെട്ടവരെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മകന്‍ എസ് പി ചരണ്‍. നിലവില്‍ ചികിത്സയോട് എസ്പിബി നന്നായി പ്രതികരിക്കുന്നുണ്ട്. ആശുപത്രി മുറിയില്‍ പാട്ടുകള്‍ കേള്‍പ്പിക്കുമ്പോള്‍ അദ്ദേഹം അത് തിരിച്ചറിഞ്ഞു. ഇടയ്ക്ക് ചെറുതായി പാട്ടുമൂളാന്‍ ശ്രമിച്ചുവെന്നും അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഏറെ ആശ്വാസത്തോടെയാണ് ആരാധകര്‍ എസ് പി ചരണിന്റെ വാക്കുകള്‍ കേട്ടത്.
”അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലത്തേതിനേക്കാള്‍ എത്രയോ ഭേദമായിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ട്. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നു. രോഗമുക്തിയുടെ ആദ്യപടി അദ്ദേഹം ചവിട്ടിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏറെ ആശ്വാസത്തോടെയാണ് ഞാനാ വാക്കുകള്‍ കേട്ടത്. പെട്ടെന്ന് തന്നെ അസുഖം മാറിയേക്കില്ലെങ്കിലും, ഇത് രോഗമുക്തിയുടെ ആദ്യപടിയാണ്”, എന്ന് എസ് പി ചരണ്‍.
ബുധനാഴ്ച അദ്ദേഹത്തെ ഐസിയുവിന് അകത്ത് കയറി കണ്ടതായി എസ് പി ചരണ്‍ പറഞ്ഞു. അദ്ദേഹത്തിന് അപ്പോള്‍ കൂടുതല്‍ ആളുകളെ തിരിച്ചറിയാനായിരുന്നു. തിങ്കളാഴ്ചത്തേക്കാള്‍ മികച്ച ആരോഗ്യത്തിലാണ് അദ്ദേഹം എന്ന് തോന്നി. സംസാരിക്കാനും എഴുതാനും അദ്ദേഹം ശ്രമിച്ചെങ്കിലും ഒരു പേന കയ്യില്‍ പിടിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ആഴ്ച തന്നെ പേന കയ്യില്‍ പിടിച്ച് അദ്ദേഹത്തിന് എഴുതാനാകുമെന്ന് കരുതുന്നു. എല്ലാ ദിവസവും ഒരു ദിനപത്രം അദ്ദേഹത്തിന് വായിച്ച് കേള്‍പ്പിക്കണമെന്ന് ഞാന്‍ നഴ്‌സുമാരോട് പറഞ്ഞു. അത് ഓക്കെയല്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അതേയെന്ന് പറഞ്ഞു. നിലവില്‍ പാട്ടുകേള്‍ക്കുമ്പോള്‍ അദ്ദേഹം അതിനോട് പ്രതികരിക്കുന്നുണ്ട്. ചെറുതായി വിരല്‍ കൊണ്ട് താളം പിടിക്കുന്നുണ്ട്. ഒപ്പം മൂളാന്‍ ശ്രമിക്കുകയും ചെയ്തു”, എന്ന് എസ് പി ചരണ്‍ പറഞ്ഞു.
അതേസമയം, അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നതായി ചെന്നൈ എംജിഎം ആശുപത്രി എഡിഎംഎസ് അനുരാധ ഭാസ്‌കരനും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിദഗ്ധസംഘം തന്നെയാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററില്‍ത്തന്നെയാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ സഹായിക്കുന്ന എക്‌മോ എന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. നിലവില്‍ ആരോഗ്യനില അപകടകരമല്ല.
ഓഗസ്റ്റ് 5നാണ് അദ്ദേഹത്തെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീച് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് 14ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായതിനെത്തുടര്‍ന്ന് സംഗീത, കലാലോകം ഒന്നടങ്കം അദ്ദേഹത്തിന്റെ രോഗമുക്തിയ്ക്കായി പ്രാര്‍ഥനകളുമായി എത്തി.

Related Articles

Back to top button