BREAKING NEWSKERALALATEST

ആര്‍എസ്എസ് വിട്ടതില്‍ അഭിമാനിക്കുന്നു, പിണറായിയുടെ രോഷം വേട്ടയാടപ്പെടുന്നവന്റെ പ്രതികരണം: എസ്ആര്‍പി

തിരുവനന്തപുരം: ആര്‍എസ്എസ് നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള (എസ്ആര്‍പി). പഴയ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാകുന്നതില്‍ ഉല്‍ക്കണ്ഠയില്ല. യാഥാസ്ഥിതി കുടുംബത്തില്‍ ജനിച്ച തന്നെ രക്ഷിതാക്കളാണ് ആര്‍എസ്എസ് ശാഖയിലേക്ക് അയച്ചത്. അത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് പതിനെട്ടാം വയസ്സില്‍ത്തന്നെ കമ്യൂണിസ്റ്റായത് അഭിമാനകരമായ വളര്‍ച്ചയാണെന്നും എസ്ആര്‍പി പറഞ്ഞു.
‘ജന്മഭൂമി’യില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലൂടെയാണ് എസ്ആര്‍പിയുടെ ആര്‍എസ്എസ് ബന്ധം വിവാദമായത്. ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല അദ്ദേഹം കായംകുളത്ത് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു (ശിക്ഷക്). ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയില്‍ പ്രവര്‍ത്തകനായിരുന്നത്. പിന്നീട് സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. 15 വയസ്സു വരെ ശാഖയില്‍ പോയിരുന്ന കാര്യം നേരത്തേ എസ്ആര്‍പിയും സമ്മതിച്ചിരുന്നു.
അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ആവശ്യമെങ്കില്‍ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തരംതാണ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണം. പിണറായിയുടെ രോഷം വേട്ടയാടപ്പെടുന്നവന്റെ സഹജപ്രതികരണമെന്നു അദ്ദേഹം പറഞ്ഞു. അത് കോപ പ്രകടനമല്ല, മനസ്സിലുള്ളത് മുഖത്ത് വരുന്നത് അഭിനന്ദനീയമാണെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button