KERALALATEST

ശബരിമല ദര്‍ശനം കടുത്ത ആശങ്ക, ഭക്തരുടെയും പുരോഹിതരുടെയും സുരക്ഷയ്ക്ക് വ്യക്തമായ പദ്ധതിവേണം: സ്‌പെഷ്യല്‍ കമ്മീഷണര്‍

കൊച്ചി: കൊവിഡ് കാലത്ത് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം വേണമെന്നും പമ്പയില്‍ ഭക്തര്‍ക്ക് സ്‌നാനം അനുവദിക്കരുതെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പമ്പയിലെ കെട്ടു നിറ ചടങ്ങുകള്‍ അനുവദിക്കരുതെന്നും ശബരിമലയിലേക്കുള്ള പ്രവേശനം പൂര്‍ണമായി വെര്‍ച്വല്‍ ക്യൂ വഴിയാക്കണമെന്നും സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 60 വയസ്സ് കഴിഞ്ഞവരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമായി വെര്‍ച്വല്‍ ക്യൂ ചുരുക്കണമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ നിര്‍ദേശിക്കുന്നു.
പമ്പയിലും, സന്നിധാനത്തും, നിലയ്ക്കലിലും വിരി വയ്ക്കാന്‍ പാടില്ല. ബേസ് ക്യാംപായ നിലയ്ക്കലില്‍ വച്ചു കൊവിഡ് പരിശോധിക്കണമെന്നും സന്നിധാനത്ത് അടക്കം എവിടെയും ക്യു അനുവദിക്കരുതെന്നും ക്യൂ വേണ്ടി വന്നാല്‍ തന്നെ കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ നിര്‍ദേശിക്കുന്നു.
തീര്‍ഥാടകര്‍ എത്തുന്ന സാഹചര്യത്തില്‍ തന്ത്രിയ്ക്കും മേല്‍ശാന്തിയ്ക്കും കൊവിഡ് ബാധിച്ചാല്‍ തുടര്‍ നടപടി എങ്ങനെ വേണമെന്ന് ആലോചിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭക്തരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഒപ്പം വന്ന മറ്റ് ഭക്തരെ എന്ത് ചെയ്യണമെന്നതിലും വ്യക്തമായ പദ്ധതി വേണമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button