BREAKING NEWSKERALA

വി കെ ജയരാജ് പോറ്റി ശബരിമലയിലും എം എന്‍ രജികുമാര്‍ മാളികപ്പുറത്തും മേല്‍ശാന്തി

ശബരിമല: അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. രാവിലെ ഏഴേമുക്കാലോടെ നടന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. വി കെ ജയരാജ് പോറ്റിയാണ് ശബരിമല മേല്‍ശാന്തിയായി നറുക്കെടുക്കപ്പെട്ടത്. എം എന്‍ രജികുമാര്‍ മാളികപ്പുറം മേല്‍ശാന്തിയായി.
വാരിക്കാട്ട് മഠത്തില്‍ ജയരാജ് പോറ്റി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. 2005 2006 വര്‍ഷത്തില്‍ അദ്ദേഹം മാളികപ്പുറം മേല്‍ശാന്തിയായിരുന്നു. മൈലക്കോടത്ത് മനയ്ക്കല്‍ രജികുമാര്‍ എം എന്‍, എറണാകുളം അങ്കമാലി കിടങ്ങൂര്‍ സ്വദേശിയാണ്. ശബരിമല മേല്‍ശാന്തിമാര്‍ക്കുള്ള അന്തിമപട്ടികയില്‍ ഒന്‍പതുപേരും മാളികപ്പുറം മേല്‍ശാന്തിമാര്‍ക്കുള്ള പട്ടികയില്‍ പത്തുപേരുമാണ് ഉണ്ടായിരുന്നത്.
ഏഴ് മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ ഇന്ന് പ്രവേശിപ്പിച്ച് തുടങ്ങി. പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച് കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവില്‍ കയറ്റിവിടൂ. ആരോഗ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം വേണം. ഭക്തരുടെ ആരോഗ്യസംരക്ഷണം കരുതിയാണിതെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button