ശബരിമല : ശബരിമല ദര്‍ശനത്തിന് 50 വയസിന് താഴെയുള്ള സ്ത്രീകളെ അനുവദിക്കില്ലെന്ന നിര്‍ദേശവുമായി കേരള പോലീസ്. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനായുള്ള നിര്‍ദേശത്തിലാണ് പോലീസ് ഈക്കാര്യം പറയുന്നത്.
കേരള പൊലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ള ‘ശബരിമല ഓണ്‍ലൈന്‍ സര്‍വീസസ്’ എന്ന വെബ്സൈറ്റിലാണ് നിര്‍ദേശമുള്ളത്.ഗൈഡ്ലൈന്‍സ് എന്ന ലിങ്കിലാണ് കോവിഡ് മാര്‍ഗ നിര്‍ദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ചേര്‍ത്തിട്ടുള്ളത്. 50 വയസില്‍ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രീകളെയോ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ല എന്നാണ് നിര്‍ദേശം.
2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനക ദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ഇരുവരും അന്ന് ദര്‍ശനം നടത്തിയത്. അതേ പൊലീസ് തന്നെയാണ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 50 വയസിന് താഴെയുള്ള സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കില്ല എന്ന നിര്‍ദേശം വച്ചിരിക്കുന്നത്.