തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്ന് മാറുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമില്ലെന്ന് വ്യക്തമാക്കുന്ന നിര്‍ദേശം പിന്‍വലിച്ചിരിക്കുകയാണ് സര്‍ക്കാര്‍ . ദര്‍ശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ച ശേഷം ആരംഭിച്ച പൊലീസിന്റെ രണ്ടാംഘട്ട വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ മൂന്നാമത്തെ മാര്‍ഗനിര്‍ദേശമായിരുന്നു 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നത്. ഇതിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ദര്‍ശനത്തിന് വരുന്ന 60നും 65നും ഇടയില്‍ പ്രായമായവര്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നാണ് മൂന്നാമത്തെ നിര്‍ദേശമായി ഇപ്പോഴുള്ളത്. ഇതിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പരിഗണനയില്‍ ഇരിക്കെയാണ് ഇപ്പോഴുള്ള ഈ മാറ്റം.
തീര്‍ഥാടന സീസണ് തുടങ്ങുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പു നടത്തിയ ആദ്യഘട്ട വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ പ്രവേശന വിലക്ക് നിര്‍ദേശം ഉള്‍പ്പെടുത്തിയിരുന്നില്ല.കഴിഞ്ഞ 2ന് വൈകിട്ട് 5ന് ആയിരുന്നു രണ്ടാം ഘട്ട വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ മണ്ഡല മകരവിളക്ക് സീസണിലേക്ക് ബുക്കിങ് പൂര്‍ത്തിയാകുകയും ചെയ്തു. അതിനാല്‍ ഈ സീസണില്‍ 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാനാകില്ല.
സുപ്രീം കോടതി വിധിക്കു പിന്നാലെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനു ശേഷം ആദ്യമായാണ് 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞത്. ഇതു വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതോടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്ന് ആക്ഷേപം ഉയര്‍ന്നു.
ഈ നീക്കത്തിനെതിരെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായതായി അറിയുന്നു. തുടര്‍ന്നാണ് യുവതീപ്രവേശം അനുവദിക്കില്ലെന്ന നിര്‍ദേശം പൊലീസ് പിന്‍വലിച്ചത്.