തിരുവനന്തപുരം: കര്‍ഷകപ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. രാവിലെ ഒമ്പതിനുചേരുന്ന സമ്മേളനത്തില്‍ നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം അവതരിപ്പിക്കും.
മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കള്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. ഒരു മണിക്കൂറാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും നേതാക്കള്‍ സംസാരിച്ചുതീരുന്നതുവരെ സമ്മേളനം തുടരും.
കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ. മാണി വിഭാഗം ഭരണപക്ഷത്തെത്തിയശേഷമുള്ള ആദ്യ സമ്മേളനമാണ് വ്യാഴാഴ്ച ചേരുന്നത്. നിയമസഭയില്‍ ജോസ്, ജോസഫ് വിഭാഗങ്ങള്‍ ഒറ്റക്കക്ഷിയായി തുടരുന്നതിനാല്‍ കക്ഷിനേതാവായി ആര്‍ക്ക് അവസരം നല്‍കുമെന്നതിലും സ്പീക്കറുടെ തീരുമാനം നിര്‍ണായകമാണ്.