SPORTSCRICKET

ആദ്യത്തെ കാര്‍ മാരുതി 800 തിരികെ വേണം; കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: ജീവിതത്തില്‍ ആദ്യമായി വാങ്ങിയ വാഹനം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാകും. അതിലെ ആദ്യ യാത്രയും ഒരിക്കലും മറക്കാനാകില്ല. എന്നാല്‍ ആ വാഹനം ഏതെങ്കിലും സമയത്ത് വില്‍ക്കേണ്ടി വന്നാല്‍ പിന്നീട് ചിലപ്പോള്‍ ഭയങ്കര നഷ്ടബോധം തോന്നിയേക്കാം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇപ്പോള്‍ അങ്ങനെയൊരു അവസ്ഥയിലാണ്. ഒരു അഭിമുഖത്തിനിടെ തന്റെ ആദ്യവാഹനം കണ്ടെത്താന്‍ സഹായിക്കുമോ എന്ന് ചോദിച്ചിരിക്കുകയാണ് സച്ചിന്‍.
‘എന്റെ ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ കൈയിലില്ല. ആ കാര്‍ ഇപ്പോള്‍ തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുണ്ട്. ആ കാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം.’ സച്ചിന്‍ പറയുന്നു.
കാറുകളോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ചും കാറുകളുടെ ശേഖരത്തെ കുറിച്ചുമെല്ലാം സച്ചിന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. കുട്ടിക്കാലത്ത് ബാന്ദ്രയിലെ തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് സഹോദരനോടൊപ്പം മണിക്കൂറുകളോളം തെരുവിലെ വിദേശ കാറുകളെ നോക്കിനിന്നിരുന്നതും അദ്ദേഹം ഓര്‍ക്കുന്നു.
‘ഞങ്ങളുടെ വീടിന് സമീപം ഒരു വലിയ ഓപ്പണ്‍ ഡ്രൈവ് ഇന്‍ മൂവി ഹാള്‍ ഉണ്ടായിരുന്നു. അവിടെ ആളുകള്‍ അവരുടെ കാറുകള്‍ പാര്‍ക്ക് ചെയ്യുകയും അതില്‍ ഇരുന്ന് സിനിമ കാണുകയും ചെയ്തിരുന്നു. ആ സമയത്ത് ഞാന്‍ ചേട്ടനോടൊപ്പം ഞങ്ങള്‍ ബാല്‍ക്കണിയില്‍ ഇരുന്ന് മണിക്കൂറുകളോളം ആ കാറുകള്‍ കാണാറുണ്ടായിരുന്നു.’ സച്ചിന്‍ അഭിമുഖത്തില്‍ പറയുന്നു.
ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്റെ ഗാരേജില്‍ കാറുകളുടെ വ്യത്യസ്ത ശേഖരമുണ്ട്. ക്രിക്കറ്റിലെ ഇതിഹാസതാരം ബ്രാഡ്മാന്റെ 29 സെഞ്ചുറിക്കൊപ്പം സച്ചിന്‍ തന്റെ പേര് കൂടി ചേര്‍ത്തുവെച്ചപ്പോള്‍ ഫെരാരി അദ്ദേഹത്തിന് ഒരു കാര്‍ സമ്മാനമായി നല്‍കിയിരുന്നു. തുടര്‍ന്ന് നിരവധി ആഡംബര കാറുകള്‍ സച്ചിന്‍ സ്വന്തമാക്കി.

Tags

Related Articles

Back to top button
Close