ജയ്പുര്‍: രാജസ്ഥാനില്‍ അശോക് ഗഹ് ലോത്ത് സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കിയ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നതായി സൂചന. വിമത നീക്കത്തിന് ചുക്കാന്‍പിടിച്ച സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ സച്ചിന് ക്യാമ്പ് തേടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിന് സമയം തേടിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും ഇതുവരെയും രാഹുലിന്റെ ഓഫീസ് സമയം നല്‍കിയിട്ടില്ല. മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന് ഫോണില്‍ ആശയവിനിമയം നടത്തി.
രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ വെച്ച് സച്ചിനും പ്രിയങ്കയും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം.
അതേസമയം അനുരഞ്ജന നീക്കങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സച്ചിന് പക്ഷത്തെ എം.എല്‍.എമാര്‍ തള്ളി. അശോക് ഗഹലോത്തിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ അറിയിച്ചു.
ജൂലൈ ആദ്യമാണ് സച്ചിനും മറ്റ് 18 എം.എല്‍.എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ ഗഹലോത്ത് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി. സച്ചിന് ബി.ജെ.പിയിലേക്ക് എന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തി. എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് സച്ചിന് വ്യക്തമാക്കുകയും ചെയ്തു.
വിശ്വാസ വോട്ടെടുപ്പിനായി രാജസ്ഥാന് നിയമസഭ സമ്മേളിക്കാന്‍ നാലുദിവസം ബാക്കി നില്‍ക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 14നാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. സമ്മേളന വേളയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള നീക്കം ഗഹലോത്ത് നടത്തിയേക്കുമെന്നും സൂചനയുണ്ട്. സച്ചിനും സംഘവും ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കുകയാണെന്നാണ് ഗഹലോത്തിന്റെ ആരോപണം.
അതേസമയം, സച്ചിനുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താനുള്ള നീക്കങ്ങളില്‍ ഗഹലോത്ത് പക്ഷത്ത് നിന്ന് വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്. ജയ്സാല്‍മീറിലെ ഒരു ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിനും മറ്റ് വിമത എം.എല്‍.എമാര്‍ക്കും നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.