കോഴിക്കോട്: കേരളത്തിലെ ഒരു ക്യാമ്പസിനും അവകാശപ്പെടാനാവാത്ത ഒരു പ്രത്യേകതയാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സച്ചിന്‍സ് ഗാലറി. സച്ചിന് ടെന്‍ഡുല്‍ക്കറെ കുറിച്ച് ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ട അറുപത്തഞ്ച് പുസ്തകങ്ങള്‍ സ്വരൂപിച്ച് കൊണ്ട് രൂപം കൊണ്ടതാണ് സച്ചിന്‍സ് ഗാലറി. ക്രിക്കറ്റ് പ്രേമിയും ,ക്രിക്കറ്റ് ചരിത്രകാരനുമായ, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എം.സി. വസിഷ്ഠ് ആണ് സച്ചിന്‍സ് ഗാലറിക്ക് രൂപം നല്‍കിയത്.2013 നവംബറില്‍ സച്ചിന് തന്റെ അവസാനത്തെ ടെസ്റ്റ് കളിക്കുന്ന സന്ദര്‍ഭത്തിലാണ് ഇങ്ങനെ ഒരാശയം പ്രൊഫസര്‍ വസിഷ്ഠിന്റെ മനസില്‍ രൂപം കൊണ്ടത്.
ഇന്ത്യയിലെ വിവിധ ഭാഷകളിലെ പത്രപ്രവര്‍ത്തകരുടെ സഹായത്തോട് കൂടിയാണ് സച്ചിനെ കുറിച്ച് വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ ശേഖരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ഹിന്ദി, ഒറിയ, ബംഗാളി, ആസാമി, ഇംഗ്ലീഷ് എന്നിങ്ങനെ പതിനൊന്ന് ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട സച്ചിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ സച്ചിന്‍സ് ലൈബ്രറിയെ അലങ്കരിക്കുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ലൈബ്രറിയോട് ചേര്‍ന്നു കൊണ്ടാണ് സച്ചിന്‍സ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. സച്ചിന്‍സ് ലൈബ്രറിയിലെ പുസ്തകങ്ങള്‍, സച്ചിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ,ക്രിക്കറ്റ് ജീവിതത്തെ കുറിച്ചുമുള്ള ഒരു സാമാന്യ ധാരണ വായന കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ പര്യാപ്തമാണ്.
ഇതിനകം പ്രശസ്തി ആര്‍ജ്ജിച്ച സച്ചിന്‍സ് ലൈബ്രറിയും, സച്ചിന്റെ ജന്മദിനനാളില് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.