ആലപ്പുഴ: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ വിവാദ പരാമര്‍ശത്തിന് ദിവസങ്ങള്‍ക്കിപ്പുറം സംസ്ഥാന വിദ്യാഭ്യാസവകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. 2016 മുതല്‍ പിണറായി സര്‍ക്കാര്‍ പൊതവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയതെന്നും എട്ടുവര്‍ഷമായി പൊതുവിദ്യാഭ്യാസരംഗത്ത് വലിയമാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് ‘മികവ് 2024’-ന്റെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
‘2016 മുതല്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നമ്മള്‍ നല്‍കി. കഴിഞ്ഞ എട്ടുവര്‍ഷമായി പൊതുവിദ്യാഭ്യാസരംഗത്ത് വലിയമാറ്റമാണ് നമുക്കുണ്ടാക്കാന്‍ കഴിഞ്ഞത്. പൂട്ടാന്‍ പോയ സ്‌കൂളുകള്‍ ഓരോന്നായി കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ച് മികച്ച നിലയിലേക്ക് മാറ്റിയെന്നതാണ് എട്ടുവര്‍ഷത്തെ കേരളത്തിന്റെ വിദ്യാഭ്യാസനേട്ടം. 11 ലക്ഷം കുട്ടികള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരികെ വന്നുവെന്നത് ശ്രദ്ധേയമാണ്. അവര്‍ക്കെല്ലാം സൗജന്യ വിദ്യാഭ്യാസം കൊടുത്തുകൊണ്ട്, യൂണിഫോം കൊടുത്തുകൊണ്ട്, പാഠപുസ്തകം കൊടുത്തുകൊണ്ട്, സമയബന്ധിതമായി അതെല്ലാം നടപ്പാക്കി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്നത് ശ്രദ്ധേയമാണ്.’ -സജി ചെറിയാന്‍ പറഞ്ഞു.
‘മഹാത്മാഗാന്ധി പറഞ്ഞതുപോലെ വിദ്യാഭ്യാസം എഴുതാനും വായിക്കാനും മാത്രമുള്ള യോഗ്യതയായി കരുതേണ്ട. അത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താണ്. ഒരു മനുഷ്യന്‍ നേടുന്ന വിദ്യാഭ്യാസം പരീക്ഷയെഴുതാന്‍ മാത്രം ഉപയോഗപ്പെടുത്തുന്നുവെങ്കിലും, ജീവിതമാകുന്ന പരീക്ഷയിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നമുക്ക് ഈ ലഭിച്ച വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടത്.’ -സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
പത്താംക്ലാസ് ജയിച്ചവരില്‍ നല്ലൊരുശതമാനം പേര്‍ക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം. എസ്.എസ്.എല്‍.സി.ക്ക് 99.99 ശതമാനമാണു വിജയം. ആരെങ്കിലും തോറ്റാല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിഷേധമാണ്. എല്ലാവരെയും ജയിപ്പിക്കുന്നതു ശരിയല്ലെന്നു പറഞ്ഞ വിദ്യാഭ്യാസമന്ത്രി, ഈ മേഖലയില്‍ പുതിയമാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.
പിന്നാലെ സജി ചെറിയാനെ തിരുത്തി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. സജി ചെറിയാന്റെ വിമര്‍ശനം വസ്തുത വിരുദ്ധമാണെന്നാണ് ശിവന്‍കുട്ടി വാര്‍ത്ത കുറിപ്പിലൂടെ പറഞ്ഞത്. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളില്‍ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
85 1 minute read