ENTERTAINMENTMALAYALAM

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌നയെ ‘ജീവിക്കാനനുവദിക്കൂ’; പിന്തുണയുമായി നസ്രിയയും ഫഹദും

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിക്ക് പിന്തുണയുമായി സിനിമാ താരങ്ങളായ നസ്രിയയും ഫഹദും. പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് സജ്‌നയുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കു വെച്ചു കൊണ്ടാണ് നസ്രിയ പിന്തുണയറിയിച്ചത്. ഒപ്പം നടന്‍ ഫഹദ് ഫാസിലും വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ചിട്ടുണ്ട്. ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഇന്നലെയാണ് സജ്‌ന ഷാജി ഫേസ്ബുക്ക് ലൈവിലെത്തിയത്. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവര്‍ പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നു. നേരത്തെ, ഇവരുടെ അതിജീവനത്തിന്റെ കഥ വാര്‍ത്തയായിരുന്നു.
‘150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍. ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങള്‍ ബിരിയാണി കച്ചവടം തുടങ്ങിയത്,’ സജ്‌ന പറയുന്നു. കൊച്ചി ഇരുമ്പനത്താണ് സജ്‌ന ബിരിയാണി വില്‍പ്പന നടത്തുന്നത്. സമീപത്ത് കച്ചവടം നടത്തുന്നവര്‍ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പൊലീസും ഇവരോട് സഹകരിച്ചില്ലെന്ന് സജ്‌ന ഷാജി പറയുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker